ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് മണിക്കൂറിൽ എത്ര ശമ്പളം ലഭിക്കും..? പുതിയ റിപ്പോർട്ട്

0
208

ലോകത്ത് ആദ്യമായി മൂന്ന് ട്രില്യൺ ഡോളർ മൂല്യം കടന്ന ടെക് കമ്പനിയാണ് ആപ്പിൾ. 200 ലക്ഷം കോടിയിലേറെ രൂപ ആസ്തിയുള്ള അമേരിക്കൻ ടെക് ഭീമൻ തങ്ങളുടെ ജീവനക്കാർക്ക് ഉയർന്ന ശമ്പളമാണ് നൽകുന്നത്. ആപ്പിളിന്റെ ഓഫ്‍ലൈൻ സ്റ്റോറുകളായ ആപ്പിൾ സ്റ്റോറിലെ ജീവനക്കാർക്ക് മണിക്കൂറിന് ഏകദേശം 1,825 രൂപ മുതൽ 2,490 രൂപ വരെ ശമ്പളം നൽകുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ, തങ്ങളുടെ റീട്ടെയിൽ ജീവനക്കാരുടെ വാർഷിക ശമ്പള വർധനവില്‍ ഇപ്രാവശ്യം കമ്പനി കുറവ് വരുത്തിയതായും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം ഉയർന്ന ശമ്പള വർധനവായിരുന്നു നൽകിയത്. ഇക്കുറി അതിൽ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി.

ബ്ലൂംബെർഗ് പുറത്തുവിട്ട ഒരു റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ നടപ്പു വർഷത്തേക്ക് ഏകദേശം 4 ശതമാനം “ശരാശരി വാർഷിക വർധനവ്” ഏർപ്പെടുത്തിയിട്ടുണ്ട്. 8 ശതമാനം മുതൽ 10 ശതമാനം വരെയുള്ള കഴിഞ്ഞ വർഷത്തെ ഗണ്യമായ വർധനവിന് വിപരീതമായി, 2023-ലെ വർദ്ധനവ് 2 ശതമാനം മുതൽ പരമാവധി 5 ശതമാനം വരെയാണ്. പണപ്പെരുപ്പ നിരക്കിലെ ഇടിവും യു.എസിലെ ഇപ്പോഴത്തെ ശുഭകരമല്ലാത്ത സാമ്പത്തിക പ്രവണതകളുമൊക്കെയാണ് ശമ്പള വർധനയുമായി ബന്ധപ്പെട്ട ആപ്പിളിന്റെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ ശമ്പള കണക്കുകളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ, യുഎസിലെ മിക്ക ആപ്പിൾ സെയിൽസ് ഉദ്യോഗസ്ഥരും മണിക്കൂറിൽ 22 ഡോളർ (ഏകദേശം 1,825 രൂപ) മുതൽ $30 (ഏകദേശം 2,490 രൂപ) വരെ ശമ്പളം വാങ്ങുന്നുണ്ട്. ആപ്പിൾ കെയർ ജീവനക്കാർക്ക് ശമ്പളം കുറച്ച് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, രണ്ട് വിഭാഗത്തിലുള്ള ജീവനക്കാർക്കും ആപ്പിൾ പ്രതിവർഷം നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകൾ നൽകുന്നുണ്ട്, ടെക് ഭീമൻ തിരഞ്ഞെടുത്ത തൊഴിലാളികൾക്ക് ബോണസും അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here