അതിശക്തമായ മഴ വരുന്നു! 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറും

0
259

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളിൽ ജാഗ്രത തുടരണം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും.

അതേസമയം, പത്തനംതിട്ട ജില്ലയിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ പെരുമഴ പുലർച്ചെയും തോർന്നില്ല. വരും മണിക്കൂറുകളിലും ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ മലവെള്ളപ്പാച്ചിലും വ്യാപക മണ്ണിടിച്ചിലുമുണ്ടായി. കക്കാട്ടാർ കരകവിഞ്ഞതോടെ മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുകയാണ്. മലയോരമേഖലയിലെ പല റോഡുകളിലും മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെടുത്തി.

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കരിപ്പാൻതോട് മേഖലയിൽ റെക്കോഡ് മഴയാണ് ലഭിച്ചത്. മണ്ണീറ, മൂഴിയാർ പ്രദേശങ്ങളിലും 200 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. വനമേഖലയിൽ ഉരുൾപൊട്ടിയതോടെ കക്കാട്ടാർ കരകവിഞ്ഞു. മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്നിരിക്കുകയാണ്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഗവി യാത്രയ്ക്കുള്ള നിരോധനവും തുടരുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here