സംശയാസ്പദ സാഹചര്യത്തില്‍ ബൈക്ക്, പരിശോധിച്ചപ്പോള്‍ 14 കോടിയുടെ സ്വര്‍ണം; യുവാവ് പിടിയില്‍

0
225

നോര്‍ത്ത് 24 പര്‍ഗാനാസ്: ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് ശ്രമം തടഞ്ഞ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്. 23 കാരനായ ഇന്ദ്രജിത് പത്രയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിയാണ് ഇയാള്‍. 50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്.
സുരക്ഷാ സേനയുടെ ഒരു സ്ക്വാഡ് റോഡരികിൽ പതിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ അവർ തടഞ്ഞു നിര്‍ത്തി.

ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോൾ, തന്റെ മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച് ഇന്ദ്രജിത് പത്ര രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാളെ പിടികൂടി. മോട്ടോർ സൈക്കിൾ വിശദമായി പരിശോധിച്ചപ്പോൾ എയർ ഫിൽട്ടറിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തി.

താനും സഹോദരനും ചേർന്ന് ജ്വല്ലറി നടത്തിയിരുന്നതായി ഇന്ദ്രജിത് പത്ര ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. രംഖട്ടില്‍ നിന്ന് ബന്‍ഗോണിലേക്ക് സ്വര്‍ണം എത്തിച്ചാല്‍ പ്രതിമാസം 15,000 രൂപ നല്‍കാമെന്ന് സമീര്‍ എന്നയാള്‍ വാഗ്ദാനം ചെയ്തെന്ന് യുവാവ് പറഞ്ഞു. സമീര്‍ നല്‍കിയ സ്വര്‍ണമാണ് താന്‍ ബൈക്കിന്‍റെ എയര്‍ ഫില്‍ട്ടറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് ഇന്ദ്രജിത് പത്ര പറഞ്ഞു.

ഇന്ദ്രജിത് പത്രയെ കൂടുതല്‍ അന്വേഷണത്തിനായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറി. പിടികൂടിയ സ്വർണവും നിയമ നടപടികൾക്കായി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് 114 കിലോ സ്വർണം പിടികൂടിയിരുന്നു. ഈ വർഷം ഇതിനകം 120 കിലോ സ്വർണം പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here