ക്രിക്കറ്റ് രക്തത്തിലോടുന്ന ഒരു തലമുറയ്ക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയെന്നത് എക്കാലവും വികാരമാണ്. ഓരോ കാലഘട്ടത്തിലെയും കളിപ്രേമികളോട് ചോദിച്ചാല്‍ ഇന്നുമവര്‍ പറയും, ഇന്ത്യന്‍ ടീം ഓരോ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ കളറും ഡിസൈനും സ്പോണ്‍സര്‍മാരുടെ പേരുമടക്കം. ഓരോ കാലഘട്ടത്തേയും അടയാളപ്പെടുത്തുന്ന ജേഴ്സികള്‍ക്കും പ്രത്യേകം പ്രത്യേകം ഫാന്‍ബേസ് തന്നെയുണ്ട്.
ഓരോ താരങ്ങളുടെയും പല വ്യക്തിഗത നേട്ടങ്ങളും, ടീമിന്‍റെ പല അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടേയും വിജയങ്ങളുടേയും പ്രതികാരത്തിന്‍റെയുമൊക്കെ പല കഥകളും ഓര്‍മകളുമാണ് ഓരോ ജേഴ്സികളും പ്രതിനിധാനം ചെയ്യുന്നത്. ലോര്‍ഡ്സില്‍ ഗാംഗുലി ഊരിവീശിയ ജേഴ്സിയും 2003 ലോകകപ്പ് ഫൈനലില്‍ വീണുപോകുമ്പോഴണിഞ്ഞ ജേഴ്സിയും ടി20 ലോകകപ്പും ഏകദിന ലോകകപ്പും വിജയിച്ച ഇന്ത്യന്‍ ജേഴ്സിയുമൊക്കെ ഇന്നും ആരാധകരുടെ ഉള്ളിലുണ്ട്.
ഇന്ത്യക്ക് ഭാഗ്യം സമ്മാനിച്ച ജേഴ്സിയും നിരാശ സമ്മാനിച്ച ജേഴ്സിയും ഒക്കെ ഓരോ സമയങ്ങളിലും ഉണ്ടായിട്ടുണ്ട്. ജേഴ്സിയുടെ ഡിസൈനും നിറവുമെല്ലാം ആകര്‍ഷിക്കുന്നതുപോലെ തന്നെ ആരാധകരുടെ ഓര്‍മകളില്‍ എന്നുമുണ്ടാകുന്ന ഒന്നാണ് ജേഴ്സിയില്‍ നിറഞ്ഞുനിന്നിരുന്ന സ്പോണ്‍സര്‍മാരുടെ പേരും.
വില്‍സില്‍(WILLS) തുടങ്ങി സഹാറയും(SAHARA) ഓപ്പോയും(OPPO) സ്റ്റാറും(Star) ബൈജൂസും(Byju’s) ഒക്കെ കഴിഞ്ഞ് ഇന്ന് അത് ഡ്രീം ഇലവന്‍(DREAM11) വരെയെത്തിനില്‍ക്കുന്നുണ്ട്.
വിവിധ കാലയളവിലായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധരിച്ച ജേഴ്സിയില്‍ ഏറ്റവുമധികം ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് സഹാറ സ്പോണ്‍സര്‍ ചെയ്തിരുന്ന ജേഴ്സികളാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിഹാസങ്ങള്‍ നിറഞ്ഞിരുന്ന കാലത്തെ ഓര്‍മിപ്പിക്കുന്ന ജേഴ്സിയോട് ഇന്നും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. വിന്‍റേജ് കാലത്തെ വില്‍സ് സ്പോണ്‍സേര്‍ഡ് ജേഴ്സിയെ ഇഷ്ടപ്പെടുന്നവരും കുറവല്ല.
ആ പഴയ ജേഴ്സികളോടുള്ള ഇഷ്ടം ഓപ്പോയും സ്റ്റാറും ബൈജൂസും ഒക്കെ സ്പോണ്‍സര്‍ ചെയ്യുന്ന ജേഴ്സിയോട് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും കൂടുതല്‍ പേരും മറുപടി പറയുക.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍മാര്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചു എന്നറിയാമോ? ഈ വിഷയത്തില്‍ രസകരമായ ഒരു യാദൃച്ഛികത ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കുറേ പേര്‍ ചൂണ്ടിക്കാട്ടുന്നു. അത് ഇങ്ങനെയാണ്, ‘ഇന്ത്യയുടെ പ്രധാന സ്പോണ്‍സര്‍മാര്‍ പിന്നീട് പൊട്ടിപ്പൊളിഞ്ഞു പാപ്പരായി!’
SAHARA sponsored India : Sahara went bankrupt, & the owner went to Jail.
OPPO sponsored India : Oppo got boycotted by Indians, Declined.
STAR sponsored India : Lost all major rights to Jio and Sports 18.
BYJUS sponsored India : incurred huge losses, got exposed , had to lay… pic.twitter.com/ZBuKWwNdKb
— Roshan Rai (@RoshanKrRaii) September 26, 2023
നമുക്ക് പരിശോധിക്കാം, ഓരോ കാലഘട്ടത്തിലേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാര്‍ക്ക് സംഭവിച്ചത് എന്താണെന്ന്…
സ്റ്റാര്‍(2014-17)
സഹാറയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് സ്റ്റാര്‍ നെറ്റ്വര്‍ക്കിനായിരുന്നു. 2013 മുതല്‍ 17 വരെയുള്ള സമയങ്ങളിലാണ് സ്റ്റാര്‍ ഇന്ത്യയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. റെക്കോര്‍ഡ് തുകയ്ക്ക് ഇന്ത്യയുടെ മത്സരങ്ങളും ഐ.പി.എല്‍ അടക്കമുള്ള ലീഗുകളുടേയും സംപ്രേഷണാവകാശവും ഏറ്റെടുത്ത സ്റ്റാറിനും പിന്നീട് കഷ്ടകാലമായിരുന്നു. ജിയോയും സ്പോര്‍ട് 18നും വന്നതോടെ പ്രധാന സംപ്രേഷണാവകാശം നഷ്ടപ്പെടുകയും ഇന്‍ഡസ്ട്രിയിലുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയും ചെയ്ത് വലിയ നഷ്ടത്തിലേക്ക് സ്റ്റാര്‍ നെറ്റ്വര്‍ക്ക് പോയി.
ഓപ്പോ(2017-19)
സ്റ്റാറിന് ശേഷമാണ് ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് രംഗത്തെ ഭീമന്മാരായ ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പിലേക്ക് എത്തുന്നത്. 2017 മുതല്‍ 2019 വരെയുള്ള കാലത്താണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നത്. പക്ഷേ പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ചൈനീസ് കമ്പനിയായ ഓപ്പോയ്ക്ക് ലഭിച്ചത്.
ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി. പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയും ബോയ്കോട്ട് ക്യാമ്പെയിന്‍ ഇന്ത്യയിൽ ശക്തി പ്രാപിക്കുകയും ചെയ്തു.
ഇന്ത്യന്‍ വിപണിയില്‍ ഓപ്പോയുടെ ഏറ്റവും വലിയ വിറ്റുവരവ് സ്മാര്‍ട് ഫോണുകളായിരുന്നു. ചൈനീസ് ആപ്പുകളില്‍ നല്ലൊരു ശതമാനം ഇന്ത്യയില്‍ നിരോധിക്കുകയും ബോയ്കോട്ട് ക്യാമ്പെയിന്‍ ശക്തമാകുകയും ചെയ്തതോടെ ഓപ്പോ എന്ന ബ്രാന്‍ഡിന്‍റെ കാര്യവും തീരുമാനമായി. വലിയ നഷ്ടമാണ് വരും വര്‍ഷങ്ങളില്‍ ഓപ്പോയ്ക്ക് സംഭവിച്ചത്.
ബൈജൂസ്(2019-23)
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നെഞ്ചത്ത് ഇനി മലയാളിയുടെ കമ്പനിയുടെ പേര്, ഇത് ബൈജുവിന്‍റെ ഇന്ത്യ’ എന്നൊക്കെയുള്ള തലക്കെട്ടുകള്‍ മലയാളികള്‍ വലിയ ആവേശത്തോടെയാകും ഒരിക്കല്‍ കണ്ടിട്ടുണ്ടാകുക. ഓപ്പോയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാരായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തുന്നത്. ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ ആപ്പായിരുന്നു ബൈജൂസ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍റെ സ്റ്റാര്‍ട്ട് അപ്പും സംരഭകനെന്ന നിലയിലെ വലിയ വിജയവുമായിരുന്നു ബൈജൂസ് ആപ്പ്.
1,079 കോടി മുടക്കിയെടുത്ത സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഓപ്പോ ബൈജൂസിന് മറിച്ചുനല്‍കുകയായിരുന്നു. 38,000 കോടി രൂപയുടെ വിപണിമൂല്യം വരെയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍പുറത്തുവന്ന ബൈജൂസിന്‍റെ തകര്‍ച്ചയും വളരെ പെട്ടെന്നായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ 21 വർഷത്തിനിടയില്‍ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച യുണികോൺ കമ്പനികളിൽ ആദ്യ പേര് ബൈജൂസിന്‍റേതുവരെയായി.
2020-21 വർഷത്തിൽ മാത്രം 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിന് നേരിടേണ്ടി വന്നത്. വിവിധ സ്ഥാപനങ്ങള്‍ പലപ്പോഴായി ഏറ്റെടുത്തതാണ് ബൈജൂസിന് സംഭവിച്ച ഏറ്റവും വലിയ തിരിച്ചടി. ഏറ്റെടുത്ത സ്ഥാപനങ്ങളില്‍ പലതും വലിയ നഷ്ടത്തിലാണ് ബൈജൂസിനെ കൊണ്ടെത്തിച്ചത്. ഒപ്പം കോവിഡ് പ്രതിസന്ധിയും കൂടിയായപ്പോള്‍ ബൈജൂസ് അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു.
ഡ്രീം ഇലവന്‍(2023-27)
ബി.സി.സി.ഐയുമായുള്ള ജേഴ്സി സ്പോണ്സർഷിപ്പിൽ നിന്നും ബൈജൂസ് പിന്മാറിയതിന് പിന്നാലെയാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ സ്പോണ്‍സര്‍ ആകുന്നത്. ഇന്ത്യയിലെ പ്രധാന ഫാന്‍റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമാണ് ഡ്രീം ഇലവന്‍. ഇന്ത്യന്‍ ടീമിന് പുറമേ ഐ.സി.സിയുടെ പ്രധാന സ്പോണ്‍സര്‍ഷിപ്പും ഡ്രീം ഇലവനാണ്.
ഡ്രീം ഇലവന് ‘പണി’ കൊടുത്തത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റാണ്. നികുതിയിനത്തില്‍ 40,000 കോടി രൂപ അടയ്ക്കാനാണ് ഇ.ഡി ഇപ്പോള്‍ ഡ്രീം ഇലവന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ തുക നികുതിയിനത്തില്‍ അടയ്ക്കേണ്ടി വന്നാല്‍ ഇന്ത്യയില്‍ ഒരു കമ്പനിക്ക് അടയ്‌ക്കേണ്ടി വരുന്ന ഏറ്റവും വലിയ പരോക്ഷ നികുതിയായിരിക്കും ഇത്.
28 ശതമാനം ജി.എസ്.ടിയിലേക്ക് ഫാന്‍റസി, ബെറ്റിങ് കമ്പനികളെ മാറ്റിയ ശേഷമുള്ള നോട്ടീസാണ് ഇപ്പോള്‍ ഡ്രീം ഇലവന് ഇ.ഡി നല്‍കിയിരിക്കുന്നത്. ഇഡിയുടെ ഷോക്കോസ് നോട്ടീസിനെതിരെ ഡ്രീം ഇലവന്‍റെ മാതൃകമ്പനിയായ ഡ്രീം സ്‌പോര്‍ട്‌സ് മുംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.