ക്യാൻസറും ഹൃദയാഘാതവുമല്ല; ഇന്ത്യയിൽ ഓരോ വർഷവും അരലക്ഷത്തോളം പേർ മരിക്കുന്നത് മറ്റൊരു കാരണത്താൽ, കണക്കുകൾ പറയുന്നത്

0
327

ഹൃദയാഘാതവും ക്യാൻസറും. ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രോഗവസ്ഥയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 30 പോലും തികയാത്ത യുവാക്കൾ ഹൃദയഘാതം വന്ന് മരണപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വർഷം തോറും ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. ഒരുപക്ഷേ, ജീവിത ശൈലിയിൽ കൃത്യമായ മാറ്റം വരുത്തിയാൽ ഈ ഒരു രോഗാവസ്ഥയിൽ നിന്ന് ഒരു പരിധി വരെ മോചനം നേടിയേക്കാം.

എന്നാൽ ഇന്ത്യയിൽ എല്ലാ വർഷവും അരലക്ഷത്തോളം പേർ മരിക്കാനിടയാകുന്നത് മറ്റൊരു കാരണത്താലാണ്. 2000 മുതൽ 2019 വരെ 12 ലക്ഷത്തോളം മനുഷ്യർ വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഓരോ വർഷവുമുള്ള ശരാശരി മരണ സംഖ്യ 58,000 ഓളം വരും. ഇന്ത്യയിൽ ഓരോ വർഷവും പാമ്പ് കടിയേറ്റുള്ള മരണം വർദ്ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരും ശാസ്ത്രഞ്ജരും അഭിപ്രായപ്പെടുന്നത്. പാമ്പ് കടിയേൽക്കുന്നവർ രാജ്യത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുകയാണന്ന അഭിപ്രായവും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. 13 സംസ്ഥാനങ്ങളെ അഞ്ച് സോണുകളാക്കിയാണ് പഠനം നടത്തിയത്.

പാമ്പ് കടിയേറ്റ് മരിക്കുന്നത് ആരൊക്കെ?

പാമ്പ് കടിയേറ്റുള്ള വിഷബാധയെ അവഗണിക്കപ്പെടുന്ന ഒരു ‘ട്രോപ്പിക്കൽ ഡിസീസ്’ ആയാണ് ലോകാരോഗ്യ സംഘടന 2017ൽ കണക്കാക്കിയത്. പത്തിൽ ഒമ്പത് പേർക്കും പാമ്പ് കടിയേൽക്കുന്നത് ചെറിയ ഗ്രാമങ്ങളിലുള്ളവരാണെന്നാണ് മഹാത്മഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. എസ്‌പി കലന്ത്രി പറഞ്ഞു. കർഷകർ, തൊഴിലാളികൾ, ആദിവാസി ജനത, പാമ്പ് പിടുത്തക്കാർ എന്നീ വിഭാഗക്കാരാണ് കൂടുതലായും പാമ്പ് കടിയേറ്റ് മരണപ്പെടുന്നത്. ഈ വിഭാഗങ്ങൾക്ക് ആശുപത്രിയിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മരണ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

കാരണങ്ങൾ പലതുണ്ട്

പാമ്പുകൾ അടക്കമുള്ള വന്യജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യർ കടന്നുചെല്ലുന്നത് പാമ്പ് കടിയേറ്റുള്ള മരണം വർദ്ധിക്കാനുള്ള ഒരു കാരണമാകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മനുഷ്യരും പരിസ്ഥിതിയുമായുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്. ജനസംഖ്യ വർദ്ധിക്കുകയും 1000 വർഷങ്ങളോളമായുള്ള പാമ്പിന്റെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യർ കടന്നു ചെല്ലുന്നത് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഒരു കാരണമാകുന്നു. ധ്രുതഗതിയിലുള്ള നഗരവത്കരണം മറ്റൊരു കാരണമായി കണക്കാക്കുന്നു.

എന്തുകൊണ്ട് അവഗണിക്കുന്നു

ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്തിലെ ഡോ സൗമ്യദീപ് ഭൂമിക്കിന്റെ അഭിപ്രായത്തിൽ, പാമ്പ് കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും ദരിദ്രരും രാഷ്ട്രീയമായി ശബ്ദം ഉയർത്താൻ സാധിക്കാത്തവരുമാണ്. പാമ്പ് കടിയേറ്റ് നിമിഷങ്ങൾക്കുള്ളിൽ ആശുപത്രിയിൽ എത്താൻ ഈ വിഭാഗത്തിന് സാധിക്കില്ല. ഈ കാരണങ്ങൾകൊണ്ട് തന്നെ ഈ ഒരു രോഗാവസ്ഥ വലിയ രീതിയിൽ അവഗണിക്കപ്പെടുന്നു. കൂടാതെ ആന്റി വെനം നിർമ്മിക്കുന്ന പ്രക്രിയ വർഷങ്ങളായി മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പാമ്പ് കടിയേറ്റാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത്

ഇന്ത്യയിലെ എല്ലാ പാമ്പുകളും അപകടകാരിയല്ല. നാല് പാമ്പുകളാണ് ഇന്ത്യയിൽ ഏറ്റവും അപകടകാരികൾ. അണലി, ശംഖുവരയൻ, മൂർഖൻ, ചുരുട്ടുമണ്ഡലി. പാമ്പ് കടിയേറ്റാൽ അത് വിഷമുള്ളതാണോ അല്ലയോ അന്ന് മനസിലാക്കാൻ കൃത്യമായ മാർഗങ്ങളൊന്നുമില്ല. പാമ്പ് കടിയേറ്റാൽ എപ്പോഴും മനസിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്.

  • പാമ്പ് കടിയേറ്റ ഭാഗത്ത് ഒരിക്കലും തുണി ഉപയോഗിച്ച് കെട്ടാൻ പാടില്ല. ഇത് രക്തയോട്ടത്തെ തടസപ്പെടുത്തും. വിഷവൃണത്തിനും സാദ്ധ്യത ഏറെയാണ്.
  • കടിയേറ്റ ഭാഗത്ത് ഒരിക്കലും മുറിവുണ്ടാക്കരുത്. ഇത് കനത്ത രക്തസ്രാവത്തിലേക്ക് നയിച്ചേക്കാം. കൂടാതെ അണുബാധയ്ക്കും കാരണമാകാം.
  • ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുക. ആധുനിക വൈദ്യശാസ്ത്രത്തിൽ പരിചയമുള്ളയാളെ സമീപിക്കാവുന്നതാണ് ഏറ്റവും ഉചിതം

ആരോഗ്യമേഖലയ്ക്ക് വേണ്ടത്

ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടത്തണമെന്നാണ് പാമ്പ് കടിയേൽക്കുന്നവരെ ചികിത്സിക്കുന്ന ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്. ക്യാൻസർ, ഹൃദയാഘാതം എന്നിവയിൽ നിന്ന് വ്യത്യസ്തമായി പാമ്പ് കടിയെ തിരിച്ചറിയാൻ വൈവിധ്യമാർന്ന ഡയഗ്നോസ്റ്റിക്സ് നിലവിലില്ല. പാമ്പ് കടി വിഷമുള്ളതാണോ ഇല്ലാത്തതാണോ എന്ന് കണ്ടെത്താൻ സാധിക്കുന്ന പരിശോധന സംവിധാനങ്ങൾ ആരോഗ്യ മേഖലയിൽ ആവശ്യമാണ്. ഇത് പ്രാഥമിക ആരോഗ്യ സംവിധാനത്തിൽ അടക്കം ഉൾപ്പെടുത്തണം. ഇത്തരം സംവിധാനങ്ങൾ ഇന്ത്യയിലെ ആരോഗ്യമേഖലയുടെ ഭാഗമായാൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here