കൊച്ചി: ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങാന്‍ പാത്രം കൊണ്ടുപോയാല്‍ വിലയിളവ് നല്‍കാന്‍ നീക്കം. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പാര്‍സല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് ഭക്ഷണം പാത്രങ്ങളില്‍ നല്‍കുന്ന പൊതുരീതി കൊണ്ടുവരാനുമാണ് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നീക്കം.
പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി ഒരേ തരം പാത്രങ്ങള്‍ ഹോട്ടലുകളില്‍ നടപ്പിലാക്കുന്നതും പരിഗണനയിലുണ്ട്. ഇതിനായി പാത്രങ്ങളും കണ്ടെയ്‌നറുകളും നിര്‍മ്മിക്കുന്ന ഉത്പാദകരുമായി സഹകരിക്കാനാണ് നീക്കം. ഈ പാത്രം ഒരു ഹോട്ടലില്‍നിന്ന് വാങ്ങി സംസ്ഥാനത്തെ മറ്റേതൊരു ഹോട്ടലില്‍ തിരികെ നല്‍കിയാലും പാത്രത്തിന്റെ വില ആ ഹോട്ടലില്‍നിന്ന് മടക്കി നല്‍കുന്ന പദ്ധതി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവിഷ്‌കരിക്കും.
പായ്ക്കിങിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നീക്കങ്ങളും നടത്തും. ഈ പദ്ധതിയുമായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുമെന്നും അതിന് പിന്തുണ നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉറപ്പ് നല്‍കി.