ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.
2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്.
ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവർക്കും ഐ.ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നൽകേണ്ടതില്ല.