ഇറാനിലെത്തിയ ക്രിസ്റ്റ്യാനോയെ ‘വളഞ്ഞ്’ ആരാധകക്കൂട്ടം; നിശ്ചലമായി തെഹ്റാൻ -വിഡിയോ വൈറൽ

0
179

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനായി ഇറാനിലെത്തിയ സൗദി ക്ലബ് അൽ നസ്റിന്‍റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളഞ്ഞ് ആരാധകക്കൂട്ടം. ഇറാൻ ക്ലബ് പെർസെപോളിസിനെതിരെ ചൊവ്വാഴ്ച രാത്രി തെഹ്റാനിലെ അസാദി സ്റ്റേഡിയത്തിലാണ് മത്സരം.

യൂറോപ്യൻ ഫുട്ബാൾ വിട്ട് സൗദി മണ്ണിലേക്ക് ചുവടുമാറ്റിയ സൂപ്പർതാരം ആദ്യമായാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. തെഹ്റാനിലെ വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്ക് പുറപ്പെട്ട ടീം അംഗങ്ങൾ സഞ്ചരിക്കുന്ന ബസ് റോഡിൽ ആരാധകർ വളയുന്നതിന്‍റെയും താരത്തെ ഒരു നോക്ക് കാണാനായി ബസിനു പുറകെ റൊണാൾഡോ എന്ന് ആർപ്പ് വിളിച്ച് ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബസിലിരിക്കുന്ന താരത്തിന്‍റെ ഫോട്ടോ പകർത്താനായി ആരാധകർ തിരക്കുകൂട്ടുന്നതും കാണാനാകും. ആരാധകർ തിങ്ങിനിറഞ്ഞതോടെ തെഹ്റാൻ നഗരം ഏറെനേരം നിശ്ചലമായി. പൊലീസ് പാടുപെട്ടാണ് പ്രിയ താരത്തെ കാണാനായി എത്തിയവരെ നിയന്ത്രിച്ചത്. ക്രിസ്റ്റ്യാനോ ഉൾപ്പെടെ അൽ -നസ്ർ ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു മുന്നിലും ആരാധകർ തടിച്ചുകൂടി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്ലേ ഓഫിൽ ശബാബ് അൽ അഹ്ലിയെ 4-2ന് തകർത്താണ് ചാമ്പ്യൻസ് ലീഗിന് അൽ നസ്ർ യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയിൽ അൽ -ദുഹൈൽ, ഇസ്തിക്ലോൽ, പെർസെപോളിസ് എന്നിവരാണ് സൗദി ക്ലബിന്‍റെ എതിരാളികൾ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here