‘പാണക്കാട്ടെത്തി നിദ അന്‍ജും’; സ്വീകരിച്ച് സാദിഖലി തങ്ങള്‍

0
206

മലപ്പുറം: ദീര്‍ഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്റ്റേറിയന്‍ എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത നിദ അന്‍ജുമിന് സ്വീകരണം നല്‍കി സാദിഖലി ശിഹാബ് തങ്ങള്‍. പാരീസില്‍ വെച്ച് അഭിമാനര്‍ഹമായ നേട്ടം സ്വന്തമാക്കിയ നിദ പാണക്കാട്ടെത്തി. 24 രാജ്യങ്ങളിലെ പ്രതിയോഗികള്‍ക്കൊപ്പം 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത പിന്നിട്ടാണ് ത്രിവര്‍ണ പതാകയേന്തി നിദ രാജ്യത്തിന്റെ അഭിമാനമായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

സാദിഖലി തങ്ങളുടെ കുറിപ്പ്: ”പാരീസില്‍ വെച്ച് അഭിമാനര്‍ഹമായ നേട്ടം സ്വന്തമാക്കിയ അവള്‍ പാണക്കാട്ടെത്തി. ഇക്വസ്റ്റേറിയന്‍ എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ കിലോമീറ്ററുകളോളം കുതിരയെ ഓടിച്ച് കാനന പാതകളും ജലാശയങ്ങളും പാറയിടുക്കുകളും പിന്നിട്ട പെണ്‍കുട്ടി. പ്രിയ സുഹൃത്ത് ഡോ. അന്‍വര്‍ അമീന്റെ മകള്‍ നിദ അന്‍ജൂം. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് നിദ. 24 രാജ്യങ്ങളിലെ പ്രതിയോഗികള്‍ക്കൊപ്പം 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത പിന്നിട്ടാണ് ത്രിവര്‍ണ പതാകയേന്തി അവള്‍ രാജ്യത്തിന്റെ അഭിമാനമായത്. ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍.”

കഴിഞ്ഞ ദിവസം മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളിലും നിദയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. പരിപാടിയില്‍ പിവി അബ്ദുല്‍ വഹാബ് എംപി ഉപഹാരം നല്‍കി. നിദയിലൂടെ മലപ്പുറം പെരുമ ഉയര്‍ത്തിയെന്നും ഇന്ത്യയുടെ അഭിമാനമാണ് വിദ്യാര്‍ഥിനിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പാരീസില്‍ നടന്ന ഇക്വസ്റ്റേറിയന്‍ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ജൂനിയര്‍ താരമാണ് നിദ അന്‍ജും. ഒന്നിലേറെ തവണ 100 കിലോമീറ്റര്‍ ദൂരം കുതിരയോട്ടം പൂര്‍ത്തിയാക്കി ത്രീ സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ വനിതയും നിദയാണ്. വ്യവസായിയും റീജന്‍സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ തിരൂര്‍ കല്പകഞ്ചേരി സ്വദേശി ഡോ. അന്‍വര്‍ അമീന്റെ മകളാണ് നിദാ അന്‍ജും.

LEAVE A REPLY

Please enter your comment!
Please enter your name here