പാകം ചെയ്തത് ശരിയായില്ല; തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി

0
371

ലോസ് അഞ്ചലസ്: ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോർണിയയിലാണ് സംഭവം നടന്നത്. ഭക്ഷണത്തിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു കൈയും കാലുകളും നഷ്ടപ്പെടാൻ കാരണമായത്.

40 കാരിയായ ലോറ ബറാഹ വീടിനടുത്തുള്ള സാൻ ജോസിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നാണ് തിലാപ്പിയ വാങ്ങിയത്. തുടർന്ന് വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാൽ മീൻ ശരിയായി വേവിച്ചിരുന്നില്ലെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം 40 ദിവസത്തോളമായി ലോറ ആശുപത്രിയിൽ കഴിയുകയാണ്. ദിവസങ്ങൾക്കുള്ളിൽ ലോറ കോമ അവസ്ഥയിലെത്തി. കാലുകളും വിരലുകളുമെല്ലാം ചുണ്ടുകളും കറുത്ത നിറത്തിലാകുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിർത്തുന്നത്.

വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും ഡോക്ടർമാർ മുറിച്ചുമാറ്റിയത്. സമുദ്രവിഭവങ്ങളിലും കടൽജലത്തിലും കാണപ്പെടുന്ന മാരക ബാക്ടീരിയയായ വിബ്രിയോ വൾനിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. കടൽവെള്ളത്തിൽ നിന്നുപോലും ഈ ബാക്ടീരിയ ശരീരത്തിലെത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. കടൽ മത്സ്യങ്ങൾ നന്നായി പാകം ചെയ്ത് കഴിക്കേണ്ടതും അത്യാവശ്യമാണെന്ന് യു.സി.എസ്.എഫ് പകർച്ചവ്യാധി വിദഗ്ധയായ ഡോ.നടാഷ സ്പോട്ടിസ് വുഡ് ക്രോണിനോട് പറഞ്ഞു. അതേസമയം, ആദ്യമായല്ല ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഓരോവർഷവും 150 മുതൽ 200 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here