സിഡ്‌നി: നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം. ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണാണ് ഓസ്‌ട്രേലിയയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും.
നിരവധി നായ്ക്കളെ പീഡിപ്പിച്ച് കൊന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നുമാണ് ആദം ബ്രിട്ടണ്‍ നോര്‍ത്തേണ്‍ ടെറിട്ടറി കോടതിയില്‍ തുറന്നുപറഞ്ഞത്. ഡസന്‍ കണക്കിന് നായ്ക്കളെ ചാകുന്നത് വരെ ഉപദ്രവിച്ചതായും ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം വാങ്ങിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
മുതലകളെ സംബന്ധിച്ചുള്ള പഠനത്തില്‍ വിദഗ്ധനായ ആദം ബ്രിട്ടണ്‍ നേരത്തെ ബി.ബി.സി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 2022-ലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ മൃഗങ്ങളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തുവന്നത്.
ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ആദം, ജന്തുശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദധാരിയാണ്. ജോലി ആവശ്യാര്‍ഥവും വിനോദയാത്രക്കായും മറ്റിടങ്ങളിലേക്ക് പോകുന്നവരുടെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ നായ്ക്കളെയും മറ്റും വീട്ടിലെത്തിച്ചിരുന്നത്. എന്നാല്‍, ഇയാളുടെ വീട്ടില്‍വെച്ച് ഈ നായ്ക്കള്‍ക്ക് നേരേ ക്രൂരമായ ഉപദ്രവമാണുണ്ടായത്. ഇതിനിടെ വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമം തിരക്കി ഉടമകള്‍ വിളിക്കുമ്പോള്‍ പഴയ ചിത്രങ്ങള്‍ അയച്ചുനല്‍കിയും കള്ളംപറഞ്ഞും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു.
വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കാനായി ഒരു ഷിപ്പിങ് കണ്ടെയ്‌നറും പ്രതി സജ്ജമാക്കിയിരുന്നു. ‘പീഡനമുറി’ എന്നാണ് ഇയാള്‍ ഈ സംവിധാനത്തെ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകം സജ്ജമാക്കിയ ‘പീഡനമുറി’യില്‍ വീഡിയോ റെക്കോഡിങ് സംവിധാനങ്ങളടക്കം ക്രമീകരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
2014 മുതല്‍ പ്രതി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. 18 മാസത്തിനിടെ ഇയാളുടെ ഉപദ്രവത്തിനിരയായ 42 നായ്ക്കളില്‍ 39 എണ്ണവും മരിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞദിവസം കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ പ്രതി ഇക്കാര്യങ്ങളെല്ലാം സമ്മതിക്കുകയും ചെയ്തു. അതിനിടെ, വിചാരണയ്ക്കിടെ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കോടതിമുറിയിലുണ്ടായിരുന്നവരോട് പുറത്ത് പോകാനും ജഡ്ജി നിര്‍ദേശിച്ചു. കുറ്റകൃത്യങ്ങളുടെ വിശദീകരണം ഞെട്ടിക്കുന്നതും കനത്ത ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലുമാണ് കോടതിമുറിയിലുണ്ടായിരുന്നവരോട് പുറത്തുപോകാന്‍ ജഡ്ജി ആവശ്യപ്പെട്ടത്.