കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ വിധിപറയുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും. വിചാരണ പൂര്‍ത്തിയായ കേസിന്റെ അന്തിമ വാദവും അവസാന ഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ വിധിപറയുന്ന തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് അസീസ് വധക്കേസിന്റെ അന്തിമ വാദം അവസാനഘട്ടത്തില്‍ എത്തിയത്. പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടിക്കേരിയിലെ ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കയര്‍ക്കട്ടയിലെ കെ. അന്‍ഷാദ്, പൈവളിഗെയിലെ മുഹമ്മദ് റഹീസ്, പൈവളിഗെയിലെ ജയറാം നോണ്ട, പൈവളിഗെയിലെ ഇസു കുസിയാദ്, പൈവളിഗെയിലെ നൂര്‍ഷ, കെ. ഷാഫി, പി. അബ്ദുല്‍ ശിഹാബ് എന്നിവരാണ് പ്രതികള്‍.
2014 ജനുവരി 25ന് രാത്രി അസീസ് ഓടിച്ചുപോവുകയായിരുന്ന കാറില്‍ മുഖ്യപ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇതോടെ അസീസ് കാറില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്ന സംഘം അസീസിനെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.