മഴക്കുറവ്; കാസർകോട് ജില്ലയ്ക്ക് ജാഗ്രതാ നിർദേശം

0
262

കാസർകോട് : കാലവർഷത്തിൽ മഴലഭ്യത കുറഞ്ഞത്തോടെ ജാഗ്രതയോടെ ജലം ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. ജലസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് നിർദേശം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 12 വരെ 2703.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 30 ശതമാനം കുറവ്. ഭൂജല ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ ബ്ലോക്കുകളെ സേഫ്, സെമി ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, ഓവർ എക്സ്പ്ലോയിറ്റഡ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നതിൽ ജില്ലയിലെ നാല് ബ്ലോക്കുകൾ സേഫ് സോണിന് പുറത്താണ്.

കാസർകോട് ബ്ലോക്ക് ക്രിട്ടിക്കൽ, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ, നീലേശ്വരം പരപ്പ ബ്ലോക്കുകൾ സേഫ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

തെക്ക് പടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ ബാക്കിയുള്ള കാലയളവിലും മഴക്കുറവ് നികത്താൻ ആവശ്യമായ അളവിൽ മഴ ലഭിക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ ഏജൻസികൾ അറിയിച്ചത്. കഴിഞ്ഞ വർഷം ശക്തമായ മഴ ലഭിച്ചിട്ടും ഏപ്രിൽ, മേയ് മാസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി കൃഷിനാശം റിപ്പോർട്ട് ചെയ്തിരുന്നു. വരൾച്ചാസാഹചര്യം മുൻകൂട്ടിക്കണ്ട് പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമെല്ലാം ചേർന്നുള്ള പ്രവർത്തനം ജില്ലയിൽ ഉടൻ ആരംഭിക്കും.

ജലസംരക്ഷണം വീടുകളിൽ

വീടുകളിലെ വാഷ്ബേസിനുകൾ, ടോയ്‌ലെറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ചയില്ല എന്ന് ഉറപ്പുവരുത്തണം. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുകയും കുളിക്കാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുകയും ചെയ്യുക.

പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക. ഫ്‌ളഷ് ടാങ്കുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നുവിടരുത്.

തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും പൈപ്പുകൾ തുറന്നിടരുത്. വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ അനുവദനീയമായ പരമാവധി അളവിൽ വസ്ത്രങ്ങൾ നിറച്ച്‌ മാത്രം ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ്‌ തുറന്നിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനയ്ക്കാൻ ഉപയോഗിക്കുക. ചെടികൾ നനയ്ക്കുന്നത് രാവിലെയോ സന്ധ്യാസമയത്തോ മാത്രമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here