മന്ത്രി ഉൽഘാടകനായെത്തുന്ന പരിപാടിയുടെ സംഘാടക സമിതി കൺവീനർ പോക്സോ കേസ് പ്രതി; കുമ്പള പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു

0
196

കുമ്പള: മന്ത്രി അഹമ്മദ്‌ ദേവര്‍ കോവില്‍ ഉദ്‌ഘാടകനായെത്തുന്ന പരിപാടിയുടെ സംഘാടക സമിതി കണ്‍വീനറായി പോക്‌സോ കേസ്‌ പ്രതിയെ നിശ്ചയിച്ചത് വിവാദത്തില്‍. പഞ്ചായത്തിനോട്‌ ആലോചിക്കാതെ കണ്‍വീനറെ തീരുമാനിച്ചതും നോട്ടീസ്‌ അടിച്ചതും ചര്‍ച്ച ചെയ്യാൻ കുമ്പള ഗ്രാമപഞ്ചായത്ത്‌ അടിയന്തര യോഗം വിളിച്ചു.

കുമ്പള പഞ്ചായത്തിലെ ഊജാര്‍-കൊടിയമ്മ സ്‌കൂള്‍ റോഡിലെ ബോക്‌സ്‌ കള്‍വര്‍ട്ടിന്റെ ഉദ്‌ഘാടനത്തിന് ഈ മാസം 18ന്‌ ആണ് മന്ത്രിയെത്തുന്നത്‌. കാസര്‍കോട്‌ വികസന പാക്കേജ്‌, പഞ്ചായത്ത്‌ തനത്‌ ഫണ്ട്‌ എന്നിവ ഉപയോഗിച്ചാണ്‌ കള്‍വര്‍ട്ട്‌ നിര്‍മ്മിച്ചത്‌. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വിഭാഗമാണ്‌ പണി പൂര്‍ത്തീകരിച്ചത്‌.

എം എല്‍ എ ഫണ്ട്‌ ഉപയോഗിച്ചു നിര്‍മ്മിച്ച അപ്രോച്ച്‌ റോഡ്‌ കഴിഞ്ഞ മാസം 28ന്‌ എ കെ എം അഷ്‌റഫ്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ രണ്ടു വര്‍ഷം മുമ്പ്‌ പൂര്‍ത്തീകരിച്ചതും ഗാരന്റി കാലാവധി അടുത്ത മാസം അവസാനിക്കുന്നതുമായ കള്‍വര്‍ട്ടിന്റെ ഉദ്‌ഘാടനത്തിനു മന്ത്രിയെത്തുന്നത്‌.

ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടില്ലെന്നു പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച കള്‍വര്‍ട്ട്‌ ഉദ്‌ഘാടനം അറിയിക്കാത്തതും ഉദ്‌ഘാടന പരിപാടിയുടെ കണ്‍വീനറായി പോക്‌സോ കേസിലെ പ്രതിയെ നിയോഗിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here