ഗോൾഡൻ റഹ്‌മാനെ സംരക്ഷിക്കും -മുസ്‌ലിം ലീഗ്

0
215

കാസർകോട്: ജില്ലാ പഞ്ചായത് അംഗവും മുസ്ലിം യൂത് ലീഗ് ജില്ലാ സെക്രടറിയുമായ ഗോൾഡൻ റഹ്‌മാനെ നിരന്തരം വേട്ടയാടാനാണ് ശ്രമമെങ്കിൽ സംരക്ഷിക്കാൻ തന്നെയാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കഴിഞ്ഞ 19ന് ഗോൾഡൻ റഹ്‌മാൻ തൻ്റെ മകളുടെ ചികിത്സാവശ്യാർഥം മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ പോവുകയും ഡോക്ടർ പരിശോധനയ്ക്ക് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് കൂടുതൽ സമയം ആവശ്യമായത് കൊണ്ടും ഫാർമസി അടയ്ക്കാനുള്ള സമയം ആയത് കൊണ്ടും മരുന്നിനുള്ള കുറിപ്പ് ഡോക്ടറോട് മുൻകൂട്ടി ആവശ്യപ്പെട്ടു.

തുടർന്ന് കുറിപ്പുമായി ഫാർമസിയിൽ പോയപ്പോൾ ചുമയ്ക്കുള്ള മരുന്ന് ലഭ്യമല്ല എന്ന് പറഞ്ഞു. രണ്ടാഴ്ച മുൻപ് റഹ്‌മാൻ ചുമ കാരണം താലൂക് ആശുപത്രിയിൽ പോയപ്പോഴും ചുമയുടെ മരുന്ന് ലഭ്യമായിരുന്നില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴാണ് സ്റ്റോക് തീർന്നത് എന്ന് ഗോൾഡൻ റഹ്‌മാൻ അന്വേഷിച്ചു. അവരുടെ ഭാഗത്ത് നിന്ന് തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചത് കൊണ്ട് സ്റ്റോക് കൈകാര്യം ചെയ്യുന്നവരുടെ നമ്പർ തരാൻ റഹ്‌മാൻ ആവശ്യപ്പെട്ടു. അവരുടെ നമ്പറും ഫാർമസിയിൽ ഉള്ളവർ കൈമാറിയില്ല. പകർച്ച വ്യാധിയുടെ ഈ കാലഘട്ടത്തിൽ രണ്ടാഴ്ച മുൻപ് ലഭ്യമല്ലാതിരുന്ന മരുന്നിന്റെ പർചേസ് ഓർഡർ നൽകാത്തതും റഹ്‌മാൻ ചോദ്യം ചെയ്തു.

തുടർന്ന് ഡോക്ടർ വരുകയും റഹ്‌മാനോട് കയർത്ത് സംസാരിക്കുകയും ഇവിടെ ഷോ ഇറക്കരുതെന്ന് പറയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഡോക്‌ടറോട് ഇത് ഞങ്ങളുടെ അംഗമാണെന്നും, ഷോ ഇറക്കിയതല്ല കാര്യങ്ങൾ അന്വേഷിച്ചതാണെന്നും പറഞ്ഞ് തിരുത്തി കൊടുക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നീട് മറ്റൊരാളിൽ നിന്നും ഫാർമസിയിൽ സ്റ്റോക് കൈകാര്യം ചെയ്യുന്നവരുടെ നമ്പർ സംഘടിപ്പിക്കുകയും സ്റ്റോകുമായി ബന്ധപ്പെട്ട വിവരം അന്വേഷിച്ചപ്പോൾ സ്റ്റോക് തീർന്നു കുറച്ച് ദിവസമായെന്നും പുതിയ സ്റ്റോക് വന്നില്ല എന്നും തൃപ്തികരമായ രീതിയിൽ അദ്ദേഹം റഹ്‌മാനോട് മറുപടി പറയുകയും ചെയ്തു.

പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ഗോൾഡൻ റഹ്‌മാനെതിരെ ഈ വിഷയത്തിൽ ഡോക്ടർ പരാതി നൽകുന്നത്. ഇവിടെ ഗോൾഡൻ റഹ്‌മാനെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാനുള്ള ഗൂഢലക്ഷ്യം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. ഒരു ജനപ്രതിനിധി എന്ന രീതിയിൽ സർകാർ സ്ഥാപനത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ഈ രീതിയിലുള്ള പ്രതികരണം ലഭിക്കുന്നത് അത്യന്തം ഖേദകരമാണ്.

കുമ്പള സർകിൾ ഇൻസ്പെക്ടർ ഗോൾഡൻ റഹ്‌മാനോട് ശത്രുതാ മനോഭാവം കാണിക്കുന്നതായും ആശങ്കപ്പെടുന്നു, ഡോക്ടർമാരെ സംരക്ഷിക്കാനുണ്ടാക്കിയ നിയമം ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കരുതെന്നും കല്ലട്ര മാഹിൻ ഹാജി ആവശ്യപ്പെട്ടു. ഗോൾഡൻ റഹ്‌മാനെ ഏതറ്റം വരെയും പോയി സംരക്ഷിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here