ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ ഒഴിവാക്കൂ; അല്ലെങ്കില്‍ വാട്സ്ആപിലെ വിവരങ്ങളെല്ലാം ചോരും

0
244

വാട്സ്ആപ് ഉള്‍പ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്തക്കളെ ലക്ഷ്യമിടുന്ന ‘സേഫ് ചാറ്റ്’ എന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ‘സൈഫേമ’യിലെ വിദഗ്ധരാണ് വാട്സ്ആപ് ഉപയോക്താക്കളുടെ പേടിസ്വപ്നമായി മാറുന്ന പുതിയ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിവരം നല്‍കിയത്.

വാട്സ്ആപിലൂടെ തന്നെയാണ് ഈ വ്യാജ ആപ് പ്രചരിക്കപ്പെടുന്നത്. നേരത്തെ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ തന്നെ പ്രചരിച്ചിരുന്ന മറ്റ് ചില വ്യാജ ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് ഇപ്പോളത്തെ സേഫ് ചാറ്റ് ആപ്ലിക്കേഷനും. എന്നാല്‍ ഫോണുകളില്‍ കൂടുതല്‍ പെര്‍മിഷനുകള്‍ നേടുന്നതു കൊണ്ട് നേരത്തെയുണ്ടായിരുന്ന വ്യാജന്മാരേത്താള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട് ഇത്. ടെലഗ്രാം, സിഗ്നല്‍, വാട്സ്ആപ്, വൈബര്‍, ഫേസ്‍ബുക്ക് മെസഞ്ചര്‍ എന്നിങ്ങനെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന Coverlm എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പായാണ് പുതിയ ആപ്ലിക്കേഷനെയും കരുതപ്പെടുന്നത്.

കൂടുതല്‍ സുരക്ഷിതമായ മെസേജിങ് എന്ന വാഗ്ദാനം നല്‍കിയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. വാട്സ്ആപിനേക്കാള്‍ സുരക്ഷിതമായ ചാറ്റിങ് വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കൊപ്പം സേഫ് ചാറ്റ് ആപ്ലിക്കേഷന്‍ ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു സാധാരണ ചാറ്റിങ് അപ്ലിക്കേഷന്‍ പോലെ തന്നെയായിരിക്കും ഒറ്റനോട്ടത്തില്‍ തോന്നുന്നത്. തുടര്‍ന്ന് ഒരു രജിസ്ട്രേഷന്‍ പ്രോസസ് കൂടിയുണ്ടാവും. ഇതും കുടിയാവുമ്പോള്‍ ഇതൊരു വ്യാജ ആപ്ലിക്കേഷനാണെന്ന് ഒരിക്കലും തോന്നുകയുമില്ല. തുടര്‍ന്ന് സേഫ് ചാറ്റ് എന്ന ലോഗോയുള്ള മെയിന്‍ മെനു ലഭിക്കുന്നതിനൊപ്പം വിവിധ പെര്‍മിഷനുകള്‍ ചോദിക്കും.

ആക്സസിബിലിറ്റി സര്‍വീസസ്, കോണ്‍ടാക്ട് ലിസ്റ്റ്, എസ്എംഎസ്, കോള്‍ ലോഗ്സ്, എക്സ്റ്റേണല്‍ ഡിവൈസ് സ്റ്റോറേജ്, ജിപിഎസ് ലൊക്കേഷന്‍ എന്നിവയ്ക്കുള്ള പെര്‍മിഷനാണ് കരസ്ഥമാക്കുന്നത്. ഒപ്പം ആന്‍ഡ്രോയിഡ് ബാറ്ററി ഒപ്റ്റിമൈസേഷന്‍ സബ്‍സിസ്റ്റത്തില്‍ ഇളവ് അംഗീകരിക്കാനുള്ള അനുമതിയും ചോദിക്കും. ഇത്രയും അനുമതികള്‍ നല്‍കിക്കഴിയുന്നതോടെ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ഈ സമയം നിങ്ങള്‍ക്ക് ഇനി സുരക്ഷിതമായി ചാറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്ന സ്ക്രീനായിരിക്കും ദൃശ്യമാവുക. ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം ഫോണിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here