ഡൽഹി: അക്രമം രൂക്ഷമായതോടെ ആഫ്രിക്കൻ രാജ്യമായ നൈജറിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. “എത്രയും വേഗം നൈജർ വിടണം” എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
“നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ അടച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. കര അതിർത്തിയിലൂടെ പുറപ്പെടുമ്പോൾ സുരക്ഷ ഉറപ്പാക്കണം. പരമാവധി മുൻകരുതലുകൾ എടുത്തുവേണം രാജ്യം വിടാൻ”; മുന്നറിയിപ്പിൽ പറയുന്നു.
Read More:മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു, പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്റില്‍
നിലവിൽ, 250 ഓളം ഇന്ത്യക്കാർ നൈജറിൽ താമസിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ പട്ടാള അട്ടിമറിയെത്തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും വേദിയാവുകയാണ് നൈജർ ഇപ്പോൾ. നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം വീട്ടുതടങ്കലിൽ കഴിയുകയാണ്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനാമേധാവി ആയിരുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി നടന്നത്.
തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടിയ സൈന്യം ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്തു. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഷിയാമി ആരോപിച്ചു. വിഷയത്തിൽ വിദേശരാജ്യങ്ങൾ ഇടപെടരുതെന്നും ആഭ്യന്തര കാര്യമാണെന്നും ഷിയാമി വ്യക്തമാക്കിയിട്ടുണ്ട്.
Read More:മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു, പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്റില്‍
അതേസമയം, സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ നൈജറിലേക്ക് പോകാൻ പദ്ധതിയിടരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും അരിന്ദം ബാഗ്ചി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പൗരന്മാർക്ക് ഏത് സഹായത്തിനും ഇന്ത്യൻ എംബസിയായ നിയാമിയിൽ (+ 227 9975 9975) അടിയന്തിരമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. നിരവധി യൂറോപ്യൻ രാജ്യങ്ങൾ നൈജറിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.