ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേയുടെത്. ഇന്ത്യയുടെ വടക്കു മുതല്‍ തെക്ക് വരെയും പടിഞ്ഞാറ് മുതല്‍ കിഴക്ക് വരെയും ഇന്ത്യന്‍ റെയില്‍വേ സഞ്ചരിക്കുന്നു. ഇത്രയും വലിയൊരു ഭൂഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള വലിയൊരു ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നും സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ സാരിയുടുത്ത ഒരു സ്ത്രീ ഓടിക്കോണ്ടിരിക്കുന്ന ഗുഡ്സ് ട്രെയിനിന്‍റെ അടിയില്‍ കിടക്കുന്ന ദൃശ്യം പങ്കുവച്ചു. സഹാറ സമയ് ന്യൂസിലെ പത്രപ്രവര്‍ത്തകനായ സൂര്യ റെഡ്ഡിയാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സൂര്യ റെഡ്ഡി ഇങ്ങനെ കുറിച്ചു,’ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, കർണ്ണാടകയിൽ ഒരു സ്ത്രീ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിൽ കുടുങ്ങുകയും ചെയ്തു. ഒരു ഗുഡ്സ് ട്രെയിൻ അവളുടെ മുകളിലൂടെ കടന്നുപോയി, ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നതുവരെ അവൾ ട്രാക്കിൽ കിടന്നു.’ വീഡിയോയിലും ഇത് വ്യക്തമായി കാണാം. വീഡിയോയില്‍ വളരെ നീളം കൂടിയ ഒരു ഗുഡ്സ് ട്രെയിനാണ് കടന്ന് പോകുന്നത്. ഗുഡ്സ് ട്രെയിന്‍ കടന്ന് പോകുമ്പോള്‍ സാരിയുടുത്ത ഒരു സ്ത്രീ പാളത്തിന് നടുവിലായി നീണ്ട് നിവര്‍ന്ന് കിടക്കുന്നത് കാണാം. ട്രെയിന്‍ സ്ത്രീയെ കടന്ന് പോയ ശേഷം മറ്റ് സ്ത്രീകള്‍ വന്ന് അവരെ ആശ്വസിപ്പിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഗുണ്ടക്കൽ-ബാംഗ്ലൂർ ലൈനിലുള്ള സാമാന്യം വലിയൊരു സ്റ്റേഷനാണ് യെലഹങ്കയിലെ രാജൻകുണ്ടെ റെയിൽവേ സ്റ്റേഷന്‍. നാല് ദിവസം മുമ്പ് രാജൻകുണ്ടെ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനടിയില്‍ കൂടി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ചലിച്ച് തുടങ്ങുകയും ഇതേ തുടര്‍ന്ന് രക്ഷപ്പെടാനായി യുവതി ട്രാക്കിന് സമാന്തരമായി കിടക്കുകയുമായിരുന്നുവെന്ന് കരുതുന്നു. വണ്ടി പോയതിന് പിന്നാലെ മറ്റുള്ളവര്‍ വന്ന് യുവതിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം അറിഞ്ഞതെന്ന് റെയില്‍ വേ പോലീസ് അറിയിച്ചു. യുവതി ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നെന്നും ട്രെയിൻ അടുത്ത് വരുന്നത് കണ്ട് ട്രാക്കില്‍ കിടക്കുകയായിരുന്നെന്നും സംശയിക്കുന്നതായി റെയില്‍വേ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല.
Lucky escapes, a woman tries to cross the railway tracks and gets stuck under the moving train in #Karnataka.
A goods train went over her, she was lying down on the tracks until the train passed over completely.#Rajankunte #Yelahanka pic.twitter.com/wcbZvyHzcN
— Surya Reddy (@jsuryareddy) August 29, 2023