കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹസരങ്ക ലോംഗ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. 26 വയസാണ് താരത്തിന്റെ പ്രായം. ഹസരങ്കയുടെ തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. നാല് ടെസ്റ്റുകളില്‍ മാത്രമാണ് ഹസരങ്ക കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. 2021 ഓഗസ്റ്റിലാണ് ഹസരങ്ക അവസാന ടെസ്റ്റ് കളിച്ചത്. അടുത്ത കാലത്ത് ലങ്കയുടെ ടെസ്റ്റ് പദ്ധതികളില്‍ ഹസരങ്ക ഉണ്ടായിരുന്നില്ല.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലങ്കയുടെ തകര്‍പ്പന്‍ ഫോമിലാണ് ഹസരങ്ക. 2017ല്‍ അ്‌ദ്ദേഹം ശ്രീലങ്കന്‍ ജേഴ്‌സിയില്‍ അരങ്ങേറി. പിന്നീട് ഏകദിന – ടി20 ഫോര്‍മാറ്റില്‍ സ്ഥിരം സാന്നിധ്യമായിരുന്നു താരം. 48 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളും താരം ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റണ്‍സും രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക യോഗ്യത നേടുമ്പോള്‍ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകള്‍ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഹസരങ്ക.
ലോകകപ്പ് യോഗ്യതയില്‍ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ലങ്ക വച്ചുനീട്ടിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 31 ഓവറില്‍ 192 റണ്‍സില്‍ എല്ലാവരും പുറത്തായി. 133 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തില്‍ ഹസരങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആന്‍ഡി മക്‌ബ്രെയ്ന്‍ (21 പന്തില്‍ 17), ആന്‍ഡ്രൂ ബാല്‍ബിര്‍നീ (13 പന്തില്‍ 12), ഹാരി ടെക്ടര്‍ (35 പന്തില്‍ 33), കര്‍ട്ടിസ് കാംഫെര്‍(31 പന്തില്‍ 39), ജോര്‍ജ് ഡോക്‌റെല്‍ (34 പന്തില്‍ 26*), ഗാരെത് ഡെലനി (8 പന്തില്‍ 19), ജോഷ്വ ലിറ്റില്‍(14 പന്തില്‍ 20) എന്നിവരാണ് രണ്ടക്കം കണ്ടത്.
സൂപ്പര്‍ താരം പോള്‍ സ്റ്റിര്‍ലിംഗ് ആറ് റണ്‍സുമായി മടങ്ങി. ഹസരങ്കയുടെ അഞ്ചിന് പുറമെ മഹീഷ് തീക്ഷന രണ്ടും രാജിതയും ലഹിരുവും ശനകയും ഓരോ വിക്കറ്റും നേടി. ലങ്കയ്ക്ക് പുറമെ സ്‌കോട്‌ലന്‍ഡും ഒമാനും ബി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ സിക്‌സിലെത്തി. സിംബാബ്‌വെയും നെതര്‍ലന്‍ഡ്‌സും വെസ്റ്റ് ഇന്‍ഡീസുമാണ് എ ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് യോ?ഗ്യത നേടിയവര്‍.