മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റ് നിരോധിച്ചു; ലംഘിച്ചാല്‍ 5000 രൂപ പിഴ

0
216

മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.

മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിനിഷേധിച്ച സാഹചര്യത്തിലാണ് ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫ്‌ളാഷുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആര്‍.ടി.ഒ.മാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത വിധത്തില്‍ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും.

നിയമവിരുദ്ധമായി എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സംസ്ഥാന പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here