പിൻ വേണ്ട, 500 രൂപ വരെ കൈമാറാം യുപിഐ ലൈറ്റിലൂടെ

0
92

ഡിജിറ്റൽ പണമിടപാട് വ്യാപകമായ സാഹചര്യത്തിൽ യുപിഐ ലൈറ്റ് പണമിടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി ആർബിഐ. പണനയ സമിതി യോഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വിവരം അറിയിച്ചത്. യുപിഐ പിൻ ഉപയോഗിക്കാതെ ചെറിയ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് യുപിഐ ലൈറ്റ്.

‘ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഇടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം വർധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇത് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കാൻ കാരണമാകും’, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. ഇന്ത്യയിലെ റീട്ടെയിൽ ഇടപാടുകളുടെ ഒരു പ്രധാന ഭാഗം 100 രൂപ മുതൽ 500 വരെ പരിധിയിൽ വരുന്നതിനാൽ, ഈ ഇടപാടുകൾ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും യുപിഐ ലൈറ്റ് ലക്ഷ്യമിടുന്നു. ഏതെങ്കിലും ഇടപാടുകൾ ആരംഭിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ അവരുടെ യുപിഐ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് ആപ്പിലേക്ക് പണം അയക്കേണ്ടതുണ്ട്. യുപിഐ ലൈറ്റ് ആപ്പ് പരമാവധി 2,000 രൂപയാണ് ബാലൻസായി അനുവദിക്കുന്നത്. ഫണ്ടുകൾ അയച്ചു കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് പേയ്‌മെന്റുകൾ നടത്താം, അതില്‍നിന്ന് 500 രൂപയില്‍ കൂടാതെയുള്ള പണമിടപാടുകള്‍ നടത്താമെന്നതാണ് പ്രത്യേകത.

യുപിഐ ലൈറ്റ് എങ്ങനെ:

പേടിഎം, ഫോൺ പേ, ജിപേ എന്നിവയുൾപ്പെടെ യുപിഐ പേയ്‌മെന്റുകളെ പിന്തുണയ്ക്കുന്ന മിക്കവാറും എല്ലാ പേയ്‌മെന്റ് ആപ്പുകളിലും യുപിഐ ലൈറ്റ് ലഭ്യമാണ്.

ആദ്യം യുപിഐ ലൈറ്റ് ക്രമീകരിച്ച് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.

യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം ചേർക്കുക.

പേയ്‌മെന്റ് നടത്താൻ, സാധാരണ യുപിഐ പേയ്‌മെന്റുകളിൽ ചെയ്യുന്നതുപോലെ യുപിഐ പേയ്‌മെന്റ് ആപ്പ് തുറക്കുക.

രസീതുകളുടെ ക്യുആർ കോഡ് സ്കാൻ ചെയ്യുക, അല്ലെങ്കിൽ ഒരു മൊബൈൽ നമ്പർ ചേർക്കുക.

അടയ്‌ക്കേണ്ട തുക നൽകുക. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here