ഇസ്‌ലാമാബാദ്: ജീവിതത്തിലെ മോശം കാലത്തെക്കുറിച്ചു വെളിപ്പെടുത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മൽ. ദേശീയ ടീമിൽനിന്നു വിലക്ക് ലഭിച്ച കാലത്ത് പണമില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് താരം. അന്നു മകളെ സ്‌കൂളിൽ അയക്കാൻ പോലുമായില്ല. പ്രതിസന്ധിയിലും ഭാര്യയാണു തണലായി കൂടെയുണ്ടായിരുന്നതെന്നും ഉമർ അക്മൽ പറഞ്ഞു.
”അക്കാലത്ത് ഞാൻ അനുഭവിച്ചത് എന്റെ ശത്രുക്കൾക്കു പോലും ഉണ്ടാകരുത്. ചിലതു നൽകിയും തിരിച്ചെടുത്തുമെല്ലാം അല്ലാഹു മനുഷ്യനെ പരീക്ഷിക്കും. പക്ഷെ, ഞാനൊരു മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ഒരുപാടുപേരുടെ തനിനിറം കാണാനായി. അവരെല്ലാം എന്റെ അടുത്തുനിന്നു രക്ഷപ്പെട്ടു. ഇപ്പോഴും എനിക്കൊപ്പം നിൽക്കുന്നവരോട് നന്ദിയുണ്ട്.”-ഒരു പാക് യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ താരം വികാരഭരിതനായി.
ഫീസ് നൽകാൻ പണമില്ലാത്തതു കാരണം മകളെ സ്‌കൂളിൽ വിടാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ”എട്ടു മാസത്തോളം മകളെ എനിക്ക് സ്‌കൂളിൽ വിടാനായില്ല. ഈ കഷ്ടപ്പാടിന്റെ കാലത്ത് എന്നെ വീഴാതെ പിടിച്ചുനിർത്തിയത് ഭാര്യയാണ്. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവളാണവൾ. പക്ഷെ, എത്ര മോശം സാഹചര്യത്തിലേക്കു പോയാലും പിന്തുണയുമായി ഞാനിവിടെത്തന്നെയുണ്ടാകുമെന്നാണ് അന്ന് അവളെന്നോടു പറഞ്ഞത്. അവളോടെനിക്ക് ഏറെ കടപ്പാടുണ്ട്.”-മുൻ പാക് ബാറ്റർ കണ്ണീർ തുടച്ചു പറഞ്ഞുവച്ചു.
33കാരനായ ഉമർ അക്മൽ അവസാനമായി 2019ലാണ് പാകിസ്താനു വേണ്ടി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. വീണ്ടും ദേശീയ ടീമിലേക്കു തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് അഭിമുഖത്തിൽ താരം പറഞ്ഞു. കഠിനാധ്വാനത്തിലൂടെ വീണ്ടും രാജ്യത്തിനു വേണ്ടി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2020ൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താത്തിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉമർ അക്മലിന് എട്ടു മാസം വിലക്കേർപ്പെടുത്തിയിരുന്നു. 2021 ആഗസ്റ്റ് വരെയായിരുന്നു വിലക്ക്. എന്നാൽ, ഇതിനുശേഷം ടീമിലേക്കു തിരിച്ചു വിളി വന്നില്ല. പാകിസ്താനു വേണ്ടി 16 ടെസ്റ്റും 121 ഏകദിനവും 84 ടി20യും കളിച്ചിട്ടുണ്ട് താരം.