യൂണിഫോം ധരിച്ച് സ്കൂട്ടറില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലാണ് സംഭവം. കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിത കോണ്സ്റ്റിളിന് നേരെയാണ് അതിക്രമം നടന്നത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊല്യയിലെ വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ രാവിലെ ഒമ്പതോടെ കുമ്പള നിസര്‍ഗ റോഡില്‍ എത്തിയപ്പോള്‍ പ്രതി കൈകാണിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. സ്കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥ പറയുന്നു.
സംഭവത്തില്‍ ഒരാളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി കെ. പ്രശാന്ത്(45) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.