കോട്ടയം: കിടങ്ങൂരിൽ യുഡിഎഫ് ബിജെപി സഖ്യം. കോട്ടയത്തെ കിടങ്ങൂർ ഗ്രാമപശ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും സഹകരിച്ചത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്
ഇടതുമുന്നണിയിലെ ഇഎം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. 13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുകയായിരുന്നു. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിനു സമീപമുള്ള പഞ്ചായത്താണ് കിടങ്ങൂർ.
അതേസമയം, ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യുഡിഎഫ് റിഹേഴ്സലാണിത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത്.
ഇന്ന് പുതുപ്പള്ളിയിൽ എത്തുന്ന യുഡിഎഫ് നേതൃത്വം കിടങ്ങൂർ ബിജെപി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കാൻ തയ്യാറാവണമെന്നും പ്രൊഫ. ലോപ്പസ് ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ ബിജെപി പിന്തുണയ്ക്കാനാണ് കിടങ്ങൂരിൽ യു ഡി എഫ് ധാരണ ഉണ്ടാക്കിയതെന്ന് സിപിഎം നേതാവ് ഇഎസ് ബിനു പ്രതികരിച്ചു. ബിജെപി പിന്തുണയില്ലാതെ യുഡിഎഫിന് ജയിക്കാൻ കഴിയാത്ത സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.