ഇവിടെ ഗതാഗതം ഏറ്റവും സുഗമം; 10 കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടത് വെറും 12 മിനിറ്റ്, പട്ടികയില്‍ ഈ ഗള്‍ഫ് നഗരവും

0
227

ദുബൈ: ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബൈ. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബൈയുടെ നേട്ടം. ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ദുബൈയില്‍ 12 മിനിറ്റ് മതി. അതേസമയം 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പ്രധാന നഗരങ്ങളില്‍ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ് ദുബൈയുടെ ഈ നേട്ടം.

സെൻട്രൽ ബസിനസ് ഡിസ്ട്രിക്റ്റ് കാറ്റഗറിയിൽ ലോസാഞ്ചല്‍സ്, മോണ്‍ട്രിയോള്‍, സിഡ്‌നി, ബെര്‍ലിന്‍, റോം, മിലന്‍ എന്നീ നഗരങ്ങളെ ദുബൈ പിന്തള്ളി. ആദ്യ 50ൽ ദുബൈയും ഉൾപ്പെട്ടു. സുഗമമായ ഗതാഗതത്തില്‍ നെതര്‍ലന്‍ഡ്‌സിലെ അല്‍മേറെയാണ് മുമ്പില്‍. 10 കിലോമീറ്റര്‍ താണ്ടാന്‍ ഇവിടെ എട്ട് മിനിറ്റ് മതി. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ലണ്ടന്‍ നഗരമാണ്. ഇവിടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടത് 36 മിനിറ്റാണ്.

അതേസമയം നഗരപ്രദേശങ്ങളില്‍ മണിക്കൂറില്‍ ശരാശി 59 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ ദുബൈയില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒമ്പത് മിനിറ്റ് മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 56 രാജ്യങ്ങളിലെ 390 നഗരങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പന്ത്രണ്ട് വരി റോഡ് ഉള്‍പ്പെടെ 18,475 കിലോമീറ്ററാണ് നിലവില്‍ ദുബൈയിലെ റോഡുകളുടെ നീളം. 90 കി.മീ നീളമുള്ള മെട്രോയും 11 കി.മീ സഞ്ചരിക്കുന്ന ട്രാമും ദുബൈ ഗതാഗതത്തെ സുഗമമാക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കുള്ള അടിപ്പാതകളും സൈക്കിള്‍ സവാരിക്കുള്ള റോഡിന്റെയും ദൂരം വര്‍ധിപ്പിച്ചു. പൊതുഗതാഗത രംഗം വികസിപ്പിച്ചു കൊണ്ട് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി ട്രാഫിക് തിരക്ക് കുറയ്ക്കാനും സാധിച്ചതായി ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here