സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിടുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാകണമെന്ന് സുപ്രീംകോടതി. ഇത്തരം ചെയ്തികള്‍ക്ക് മാപ്പ് പറയുന്നത് നിയമ നടപടികള്‍ നേരിടുന്നതില്‍ നിന്ന് തടയുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ എംഎല്‍എയും നടനുമായ എസ് വെ ശേഖര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ പോസ്റ്റിന്റെ പേരില്‍ ശേഖറിനെതിരെ തമിഴ്നാട്ടില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയതായി ബോധ്യപ്പെട്ടതിനാല്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു എന്നും ശേഖറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 72 കാരനായ ശേഖറിന് കാഴ്ച കുറവാണെന്നും അതിനാല്‍ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വായിക്കാതെ അശ്രദ്ധമായി ഷെയര്‍ ചെയ്യുകയായിരുന്നു എന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, ഉള്ളടക്കം മനസിലാകാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത് എന്ന വാദം അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. പിന്നാലെയായിരുന്നു കോടതി അദ്ദേഹത്തോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടത്. ‘സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഒരാള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. സോഷ്യല്‍ മീഡിയ ഉപയോഗം അത്യാവശ്യമല്ല, എന്നാല്‍ അത് ഉപയോഗിക്കുന്നവര്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണം, എന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശേഖറിന്റെ അപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീം കോടതി തയ്യാറായില്ല. ഹര്‍ജിയുമായി വിചാരണ ജഡ്ജിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ 2018-ല്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയാണ് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തത്. ചെന്നൈ, കരൂര്‍, തിരുനെല്‍വേലി ജില്ലകളിലെ കോടതികളുടെ പരിഗണനയിലാണ് കേസുകളുള്ളത്. കേസ് റദ്ദാക്കണമെന്ന ശേഖറിന്റെ ആവശ്യം നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്.