കാസർകോട് ജോലി ചെയ്യാൻ ആളില്ല, പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്ന് മുഖ്യമന്ത്രി

0
169

കാസർകോട് ∙ ജില്ലയിലെ സർക്കാർ ഓഫിസുകളിൽ നിയമിക്കുന്ന ജീവനക്കാർ സ്ഥലം മാറിയും ഡപ്യൂട്ടേഷനിലുമായി ഇതര ജില്ലകളിലേക്കു പോകുന്നതും അവധിയെടുക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൻജിനീയർ, ഡോക്ടർ, പാരാ മെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങി വിവിധ തസ്തികകൾ ജില്ലയിൽ ഒ​ഴി​ഞ്ഞു കിടക്കുന്ന വിഷയം ചീഫ് സെക്രട്ടറി തലത്തിൽ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ ഒഴിവുകൾ നികത്തുന്നതിനു നടപടി സ്വീകരിക്കും, മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ അഭാവം വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്തു കാസർകോട് ഉൾപ്പെടെയുള്ള 3 ജില്ലകളിൽ നിയമനം ലഭിക്കുന്നവർ നിശ്ചിത കാലയളവിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ 2022 മാർച്ച് 14ന് എല്ലാ വകുപ്പ് മേധാവികൾക്കും കർശന നിർദേശം നൽകിയിരുന്നതായി മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

ഓരോ പദ്ധതിയുടെയും ആവശ്യകതയെ അടിസ്ഥാനമാക്കി കാലാവധി നിർണയിച്ചു പ്രസ്തുത കാലാവധി വരെ ഉദ്യോഗസ്ഥർ ജില്ലയിൽ ജോലിയിൽ തുടരണമെന്ന നിയമന ഉത്തരവ് പുറപ്പെടുവിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ഇക്കാര്യം സംബന്ധിച്ച വിവരം ലഭ്യമാക്കാൻ കലക്ടർമാരോടും വകുപ്പ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്, മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിൽ ആയിരത്തിഎഴുന്നൂറോളം തസ്തികകളിൽ ജീവനക്കാരില്ലാത്ത അവസ്ഥയാണുള്ളതെന്ന് എംഎൽഎ നൽകിയ സബ് മിഷനിൽ ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് അടിയന്തര സേവനം ലഭ്യമാക്കേണ്ട ആശുപത്രികൾ, റവന്യു, തദ്ദേശ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ കൂടുതൽ ഒഴിവുകളുണ്ട്. ഓൺലൈൻ ട്രാൻസ്ഫറിന്റെ ആനുകൂല്യം പറ്റി പലരും സ്ഥലം മാറിപ്പോയി. പുതുതായി നിയമിക്കപ്പെടുന്നവർ ജോയിൻ ചെയ്തു ലീവെടുത്ത് പോകുന്ന സ്ഥിതിയാണ്. ഇതിൽ ഭൂരിഭാഗം പേരും ഡോക്ടർമാരാണ്. ജോയിൻ ചെയ്തതിനാൽ പിഎസ്‍സിക്കു പുതിയ ആളെ നിയമിക്കാനാകുന്നില്ല.

ജോലി ചെയ്യാൻ താൽപര്യം ഇല്ലാത്തതു കാരണം മെഡിക്കൽ ലീവ് എടുത്തു പോകുന്ന നടപടി ഒഴിവാക്കി തരണം, ജില്ലയിൽ നിയമിതരാകുന്നവരുടെ സേവന കാലാവധി 3 വർഷം നിർബന്ധമാക്കുന്ന വിഷയം ഗൗരവമായി പരിഗണിക്കണം, ജോയിൻ ചെയ്തു ഡപ്യൂട്ടേഷനിൽ ഇതര ജില്ലകളിലേക്കു പോകുന്ന പ്രവണത ഒഴിവാക്കണം, ജില്ലയിൽ സർക്കാർ ഓഫിസുകളിലെ ഒഴിവുകൾ നികത്തുന്നതിനു ഗൗരവപരമായ ഇടപെടൽ ഉണ്ടാവണം എന്നീ കാര്യങ്ങളും എംഎൽഎ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here