നൂഹിലെ ഇമാമിന്റെ കൊലപാതകം: പ്രതികളെ ഏഴ് ദിവസത്തിനകം മോചിപ്പിക്കണമെന്ന് അന്ത്യശാസനം

0
296

ഗുരുഗ്രാം: ഹരിയാനയിൽ പള്ളി ഇമാമിനെ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിക്കാൻ പൊലീസിന് അന്ത്യശാസനം നൽകി മഹാപഞ്ചായത്ത്. തിങ്കളാഴ്ച തിഗ്രിയിൽ ചേർന്ന മഹാപഞ്ചായത്ത് ആണ് കേസിൽ അറസ്റ്റിലായ യുവാക്കളെ ഏഴ് ദിവസത്തിനകം മോചിപ്പിക്കണമെന്ന് അന്ത്യശാസനം നൽകിയിരിക്കുന്നത്. സെക്ടർ 57ലെ അഞ്ജുമൻ മസ്ജിദ് സ്ഥിതിചെയ്യുന്നത് ഹൈന്ദവ ഭൂരിപക്ഷ പ്രദേശത്തായതിനാൽ പള്ളി നീക്കം ചെയ്യണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.

വിഷയം പരിശോധിക്കാൻ പഞ്ചായത്ത് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഇമാമിനെ കൊലപ്പെടത്തിയ കേസിൽ അറസ്റ്റിലായ നാല് യുവാക്കളെ വിട്ടയക്കണമെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കമ്മിറ്റി തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം സമർപ്പിക്കുമെന്ന് ഗുരുഗ്രാമിലെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഗോയിങ് കൗൺസിലർ മഹേഷ് ദയ്മ പറഞ്ഞു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാ എം.എൽ.എമാർക്കും മന്ത്രിമാർക്കും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് ഒന്നിനാണ് സെക്ടർ 57 അഞ്ജുമൻ മസ്ജിദിലെ ഇമാമായ മുഹമ്മദ് സാദ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിലെ ഖഡ് ലി ചൗക്കിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് പള്ളി ആക്രമിക്കപ്പെട്ടത്.

അക്രമസംഭവങ്ങൾക്ക് പിന്നാലെ നൂഹിലെ നിരവധി കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചുനീക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികളും കടകളും തകർത്ത അധികൃതർ ഇന്നലെ മൂന്നുനിലയുള്ള സഹാറ ഹോട്ടൽ കം റസ്‌റ്റോറന്റ് ഉൾൾപ്പെടെ പതിനാറോളം സ്ഥാപനങ്ങൾ തകർത്തു. നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങളാണ് ഇവയെന്നും വി.എച്ച്.പി ജാഥക്ക് നേരെ കല്ലേറ് നടന്നത് ഇവക്ക് മുകളിൽനിന്നാണെന്നും സബ്ഡിവിഷിഷനൽ മജിസ്‌ട്രേറ്റ് അശ്വിനികുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here