മൂന്ന് വര്‍ഷം കൊണ്ട് വില ഇരട്ടിയായി, സബ്‌സഡി അപ്രത്യക്ഷമായി; തിരഞ്ഞെടുപ്പുകളില്‍ എല്‍.പി.ജി കത്തുമോ….

0
138

രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് 2020-ല്‍ 581 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇന്ന് 1100 രൂപയിലധികമാണ് വില. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാചകവാതക വില മുഖ്യ പ്രചാരണായുധമാക്കാനിരിക്കുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്കുള്ളില്‍ പാചക വാതകം വിതരണം ചെയ്യുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. രാജസ്ഥാനില്‍ ഇതിനോടകം ഗഹ്‌ലോത്ത് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരാണയുധമായിരുന്നു പാചക വാതകം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പാചക വാതക സിലിണ്ടര്‍ എത്തിച്ച് പ്രാര്‍ഥന നടത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ചുരുക്കത്തില്‍ അധികാരത്തിലേക്കുള്ള പ്രധാന വഴികളിലൊന്ന് എല്‍പിജി സിലണ്ടറാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്.

അന്താരാഷ്ട്ര വിപണയിലെ മാറ്റമാണ് രാജ്യത്ത് മൂന്ന് വര്‍ഷം കൊണ്ട് എല്‍പിജി വില ഇരട്ടിയോളമാക്കിയതന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും വിശദീകരിക്കുന്നത്. തങ്ങളുടെ ഇടപെടല്‍ കാരണം അന്താരാഷ്ട്ര വിപണയിലെ വില വര്‍ധനവ് പൂര്‍ണ്ണമായും ഇന്ത്യന്‍ വിപണിയിലേക്ക് ബാധിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

2022-21 നും 2022-23 കാലയളവിലാണ് പാചക വാതക വിലയില്‍ പ്രധാനമായും കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്. എല്‍പിജി വിലനിര്‍ണ്ണയത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡമായ സൗദി സിപി ശരാശരി ഒരു മെട്രിക് ടണ്ണിന് 415 ഡോളറില്‍ നിന്ന് 712 ഡോളറായിട്ടാണ് ഇക്കാലയളവില്‍ ഉയര്‍ന്നത്. അന്തരാഷ്ട്ര വിപണിയിലെ ഈ മാറ്റം പൂര്‍ണ്ണമായും ഇന്ത്യന്‍ പൗരന്‍മാരെ ബാധിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതുമൂലം ആഭ്യന്തര എല്‍പിജി വില്‍പ്പനയില്‍ എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) ഏതാണ്ട് 28,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ പറയുന്നു. ഈ നഷ്ടം നികത്തുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ ഇരട്ടിയായി

മൂന്ന് വര്‍ഷം കൊണ്ട് പാചകവാതക വില ഇരട്ടിയോളം വര്‍ധിച്ചെങ്കിലും രാജ്യത്തെ എല്‍പിജി ഉപഭോഗത്തില്‍ കുറവുണ്ടായിട്ടില്ല. മറിച്ച് വര്‍ധിക്കുകയാണ് ഉണ്ടായത്. രാജ്യത്തെ എല്‍പിജി ഉപഭോഗം 2015-16ല്‍ 19.62 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) ആയിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 28.50 എംഎംടി ആയി ഉയര്‍ന്നു. ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2016-ല്‍ 16.67 കോടി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നതെങ്കില്‍ 2023-ല്‍ അത് 31.5 കോടി ആയി ഉയര്‍ന്നു.
10 കോടി പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഉപഭോക്താക്കളും ഇതിലുള്‍പ്പെടും.
പിഎംയുവൈ കുടുംബങ്ങളുടെ പ്രതിശീര്‍ഷ എല്‍പിജി ഉപഭോഗം 2019-20ല്‍ 3.01 റീഫില്ലുകളില്‍ നിന്ന് 2022-23ല്‍ 3.71 റീഫില്ലുകളായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സബ്‌സിഡി

നേരത്തെ ഒരു വര്‍ഷം 12 എല്‍പിജി സിലിണ്ടറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നു. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലാണ് സബ്‌സിഡി തുക എത്തിയിരുന്നത്. 2020-ല്‍ കോവിഡ് ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ആനുകൂല്യം പിന്‍വലിച്ചത്. 2021-ല്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്ക് മൂന്ന് സിലിണ്ടര്‍ സൗജന്യമായി നല്‍കി. പിന്നീട് പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് ഒരു സിലിണ്ടറിന് 200 രൂപ സബ്‌സിഡിയായി നല്‍കി തുടങ്ങി. നിലവില്‍ രാജ്യത്ത് പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എല്‍പിജി സബ്‌സിഡി നല്‍കി വരുന്നത്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മറ്റു ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ഇപ്പോള്‍ കാണാമറയത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here