ദേശീയപാത നിർമാണം 2025 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി

0
138

മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം ഗോവിന്ദപൈ– നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ  ചെയ്യുന്നതെന്നും  ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽ അടുത്ത വർഷത്തോടെ ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ മുഴുവനായും പൂർത്തീകരിക്കും. ദേശീയ പാതയ്ക്ക് വേണ്ടി 25%  ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യ റീച്ച് തലപ്പാടി–ചെങ്കള ദേശീയപാത വികസനം മേയിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 2021 നവംബർ 18 നു ആണ് നിർമാണം തുടങ്ങിയത്.

Read More:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

55 ശതമാനം നിർമാണം കഴിഞ്ഞു. തലപ്പാടി – ചെങ്കള 39 കിലോമീറ്റർ 1700 കോടി രൂപയാണ് നിർമാണ പദ്ധതി തുക. ആറു വരി പ്രധാന പാത 18 കിലോമീറ്റർ നിർമാണം തീർന്നു. കർണാടക കടന്നു കേരള അതിർത്തി തലപ്പാടി നിന്നു പൊസോട്ട് വരെ 5 കിലോമീറ്റർ പ്രധാന പാത പൂർണമായി.  സർവീസ് റോഡ് 66 കിലോമീറ്ററിൽ 44 കിലോമീറ്റർ,സംരക്ഷണ ഭിത്തി 48 കിലോമീറ്ററിൽ 42, ഡ്രെയ്നേജ് 78 കിലോമീറ്ററിൽ 69 കിലോമീറ്റർ നിർമാണമായി.

4 ചെറുപാലങ്ങളിൽ മഞ്ചേശ്വരം പാലം നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ള രണ്ടെണ്ണം 75 ശതമാനവും ഒരെണ്ണം 50 ശതമാനവുമായി നിർമാണം പുരോഗതിയിലാണ്. വലിയ പാലങ്ങൾ 4 എണ്ണമാണ് നിർമാണത്തിലുള്ളത്. കുമ്പള 90 ശതമാനം, മൊഗ്രാൽ, ഉപ്പള, ഷിറിയ പാലങ്ങൾ 75 ശതമാനവും എന്നിങ്ങനെയാണ് നിർമാണ പുരോഗതി. കാസർകോട് ഫ്ലൈ ഓവർ നിർമാണത്തിൽ 45 ശതമാനം തീർന്നു. വൈദ്യുതി ലൈൻ 85 ശതമാനവും മാറ്റി സ്ഥാപിക്കൽ പണി തീർന്നു.

ചടങ്ങിൽ എ.കെ.എം അഷ്‌റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാസർകോട് റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ  കെ. രാജീവൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന,  മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്  ജീൻ ലവീന മൊന്തേറൊ, വോർക്കാടി  പഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി, ജില്ലാ പഞ്ചായത്ത് അംഗം പി. കമലാക്ഷി,  എൻ.അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻ കുഞ്ഞി, മഞ്ചേശ്വരം പഞ്ചായത്ത് അംഗം യാദവ ബഡാജെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എം. കരുണാകര ഷെട്ടി, ജയരാമ ബല്ലംകൂഡേൽ, പി.സോമപ്പ, അസീസ് മരികെ, ഹരീഷ് ചന്ദ്ര, രാഘവ ചേരാൾ, താജുദ്ദീൻ മൊഗ്രാൽ, സിദ്ദീഖ് കൈക്കമ്പ, ഡോ. കെ.എ ഖാദർ, അഹമ്മദലി, റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ  യു.പി. ജയശ്രീ, മഞ്ചേശ്വരം പൊതുമരാമത്ത് റോഡ് സെക‍്ഷൻ അസി.എൻജിനീയർ വി.വി. മണിപ്രസാദ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here