യുപിയിൽ മുഖത്തടിയേറ്റ വിദ്യാർഥിയുടെ പിതാവുമായി സംസാരിച്ചെന്ന് കുഞ്ഞാലിക്കുട്ടി; ‘കർശന നടപടി വേണമെന്ന് ആവശ്യം’

0
302

മലപ്പുറം: ഉത്തര്‍പ്രദേശില്‍ മുഖത്തടിയേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വലിയ നിരാശയും വേദനയുമാണ് ആ മനുഷ്യന്‍ പങ്കു വെച്ചത്. കൂട്ടുകാരാല്‍ അപമാനിക്കപ്പെട്ടതിന്റെ വല്ലാത്ത മാനസിക പ്രയാസത്തിലാണ് കുട്ടിയുള്ളത്. അധ്യാപികക്കെതിരെ കര്‍ശന നടപടി വേണമെന്ന് തന്നെയാണ് അവരുടെ ആവശ്യം. അവര്‍ക്കുണ്ടായ സമാനതകളില്ലാത്ത പ്രയാസത്തില്‍ ആശ്വസിപ്പിക്കുകയും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പാര്‍ട്ടിയുടെ പിന്തുണയും സഹകരണവും ഉറപ്പ് കൊടുക്കുകയും ചെയ്‌തെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

”മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏറെ വേദനയും അമര്‍ഷവുമുണ്ടാക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധത്തിനേറ്റ മുഖത്തടിയാണ്. മനുഷ്യരെ പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കേണ്ട ക്ലാസ്സ് മുറികളില്‍ വച്ച് തന്നെ ഉത്തമ തലമുറയെ വാര്‍ത്തെടുക്കാന്‍ ഉത്തരവാദിത്തപ്പട്ടവര്‍ ഈ വിധം അപമാനകരമായ കൃത്യത്തിന് കൂട്ട്നിന്നു എന്നത് നിസാര കാര്യമായി കാണാനാവില്ല. സമൂഹത്തില്‍ മഹത്തായ സ്ഥാനവും മൂല്യവുമുള്ള അധ്യാപകരില്‍ പോലും ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞിരിക്കുന്നു എന്നത് വല്ലാതെ ആസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. രാജ്യത്ത് കുറച്ചു കാലങ്ങളായി വര്‍ഗീയ ഫാസിസ്റ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിത്. പരസ്പ്പരം വെറുപ്പ് ഉല്‍പ്പാദിപ്പിക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളില്‍ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് രാജ്യം ശാസ്ത്രീയ നേട്ടങ്ങളുടെ നെറുകയില്‍ നിന്ന് കൊണ്ട് ലോകത്തിന്റെ മുമ്പില്‍ അഭിമാനത്താല്‍ തലയുയര്‍ത്തി നില്‍കുമ്പോള്‍ തന്നെ മറുഭാഗത്ത് ഇതിനെയെല്ലാം തകര്‍ത്ത് രാജ്യത്തെ നാണം കെടുത്തുന്ന രീതിയിലുള്ള വെറുപ്പിന്റെ രാഷ്ട്രീയവും അരങ്ങേറുന്നു. ഉന്നതമായ മൂല്യബോധങ്ങള്‍ക്ക് മേല്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇത്തരം വെറുപ്പിന്റെ വ്യാപാരത്തെ സ്നേഹത്തിന്റെ വ്യാപാരത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കണം. എല്ലാ മനുഷ്യരും തുല്യരാണെന്ന മാനവികതയുടെ സന്ദേശം ഇന്ത്യ മുഴുക്കെ ഒഴുകിപ്പരക്കേണ്ടതുണ്ട്.” അതിന് വേണ്ടി പരിശ്രമിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൃക്കാക്കര വ്യാജരേഖ കേസ്: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here