ഗുരുഗ്രാം: നൂഹിൽ പ്രഖ്യാപിച്ചിരുന്ന വി.എച്ച്.പി ജലാഭിഷേക യാത്രയുടെ പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പൽവാൽ ജില്ലയിലെ ഉത്താവർ സ്വദേശിയും ബദ്കാളി ചൗക്ക് സ്റ്റേഷനിൽ എസ്.ഐയുമായ ഹക്മുദ്ദീൻ(47) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപാണ് മേവാത്തിലെ നാഗിനയിൽ പ്രത്യേക സുരക്ഷാ ചുമതലയിൽ അദ്ദേഹത്തെ നിയമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഡ്യൂട്ടിക്കിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഹക്മുദ്ദീനെ ആശുപത്രിയിലെത്തിച്ചത്. അടിയന്തര പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വക്താവ് കൃഷ്ണകുമാർ പറഞ്ഞു. സമർപ്പിതനായൊരു ഓഫിസറെയാണു നഷ്ടപ്പെട്ടതെന്ന് ഹരിയാന എ.ഡി.ജി.പി മമത സിങ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹരിയാന പൊലീസ് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 28ന് നൂഹിൽ ജലാഭിഷേക യാത്ര നടത്തുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വി.എച്ച്.പിയും ബജ്രങ്ദളും ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു യാത്ര. എന്നാൽ, സുരക്ഷാ നിയന്ത്രണങ്ങളെ തുടർന്നു യാത്ര ഉപേക്ഷിച്ചു. മേഖലയിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തി പിരിയുകയായിരുന്നു പ്രവർത്തകർ. യാത്രയ്ക്കു ജില്ലാ ഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണു സംഘാടകർ നേരത്തെ വ്യക്തമാക്കിയിരുന്നത്.