തലപ്പാടിയിൽ ബി.ജെ.പി പിന്തുണയോടെ എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ്

0
398

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എസ്.ഡി.പി.ഐ അംഗം ടി. ഇസ്മയിൽ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

പഞ്ചായത്തിൽ 24 അംഗങ്ങളിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബ ഉംറക്ക് പോയതിനാൽ ഹാജരായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. രണ്ട് ബി.ജെ.പി അംഗങ്ങൾ ഇസ്മയിലിന് വോട്ടുചെയ്തതോടെ ഇരുവർക്കും 11 വീതം തുല്യ വോട്ടുകൾ ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ച് പ്രസിഡന്റായി.

വനിത ബണ്ട്സ് വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങൾ മത്സരിക്കാൻ ഇല്ലാത്തതിനാൽ പുഷ്പാവതി ഷെട്ടി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങളുടെ പിന്തുണ ഇസ്മയിലിന് ലഭിച്ചു എന്ന് കരുതുന്നതായി എസ്.ഡി.പി.ഐ ജനപ്രതിനിധികളുടെ കർണാടക ചുമതല വഹിക്കുന്ന നവാസ് ഉള്ളാൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here