ഗ്രൗണ്ടിൽ തിളങ്ങി, ബ്രസീല്‍ താരത്തിന് ആഡംബര വാച്ച് സമ്മാനം, ഞെട്ടിച്ച് സൗദി ആരാധകൻ- വിഡിയോ

0
157

റിയാദ്∙ മികച്ച പ്രകടനം പുറത്തെടുത്തതിന് സൗദി പ്രോ ലീഗിൽ കളിക്കുന്ന ബ്രസീൽ താരത്തിന് ആഡംബര റോളക്സ് വാച്ച് സമ്മാനിച്ച് ആരാധകൻ. അൽ റയീദ് ക്ലബ്ബിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു വിജയിച്ചതിനു പിന്നാലെ അൽ ഇത്തിഹാദ് താരം ഫാബിഞ്ഞോയ്ക്കാണ് അപ്രതീക്ഷിതമായി ആരാധകന്റെ സമ്മാനം ലഭിച്ചത്. ആരാധകർക്ക് മത്സരത്തിനു ശേഷം ജഴ്സിയടക്കം സമ്മാനിക്കുന്ന ഫാബിഞ്ഞോ ആദ്യം ഒന്നു ഞെട്ടി.

ഇതിനിടെ താരത്തിന്റെ കയ്യിൽനിന്ന് വാച്ച് താഴെ വീണു. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന്റെ മുൻ താരമാണു ഫാബിഞ്ഞോ. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ഫുട്ബോൾ വിട്ട ഫാബിഞ്ഞോ സൗദി പ്രോ ലീഗ് ക്ലബ്ബിൽ ചേരുകയായിരുന്നു. ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, എൻഗോളോ കാന്റെ എന്നിവരും അൽ ഇത്തിഹാദ് ടീമിലാണ് നിലവിൽ കളിക്കുന്നത്. അല്‍ റയീദിനെതിരായ മത്സരത്തിനു ശേഷം താരങ്ങൾ മടങ്ങുന്നതിനിടെയാണ് ആരാധകൻ ഫാബിഞ്ഞോയ്ക്ക് അടുത്തെത്തിയത്.

വാച്ച് സ്വീകരിച്ച ശേഷം ആരാധകനോടു നന്ദി പറഞ്ഞ് ബ്രസീൽ താരം ടീം ബസിൽ കയറിപോയി. അൽ റയീദിനെതിരായ മത്സരത്തിൽ അബ്ദറസാഖ് ഹംദല്ല (58), ഇഗോർ കൊറോനാഡോ (73,79) എന്നിവരാണ് അല്‍ ഇത്തിഹാദിനായി ഗോളുകൾ നേടിയത്. ഈ മാസം ആദ്യം അറബ് ക്ലബ് ചാംപ്യൻഷിപ് കപ്പ് ക്വാർട്ടർ ഫൈനലിൽ അൽ ഹിലാലിനെതിരെ അൽ ഇത്തിഹാദ് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഓഗസ്റ്റ് 19ന് അൽ തേയിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here