യു.പിയിൽ നമസ്‌കരിക്കാൻ ബസ് നിർത്തിക്കൊടുത്തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ

0
229

ലഖ്‌നോ: രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് നിർത്തിക്കൊടുത്തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട യു.പി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടർ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ഞായറാഴ് രാത്രിയാണ് കണ്ടക്ടർ മോഹിത് യാദവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മോഹിത് യാദവ് കഴിഞ്ഞ എട്ട് വർഷത്തോളമായി യു.പി.ആർ.ടി.സിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ മോഹിത് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. മോഹിത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

”ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് പറഞ്ഞ് അവൻ ഞായറാഴ്ച രാത്രി എന്നെ വിളിച്ചിരുന്നു. അപ്പീൽ നൽകിയെങ്കിലും ജോലി തിരിച്ചുകിട്ടുമെന്ന ഒരു പ്രതീക്ഷയും അവനില്ലായിരുന്നു. യു.പി.ആർ.ടി.സിയുടെ ബറേലി റീജ്യണൽ മാനേജർ ദീപക് ചൗധരിയുടെ നിലപാട് മൂലം അവൻ വലിയ വിഷാദത്തിലായിരുന്നു”-മോഹിതിന്റെ സുഹൃത്ത് പറഞ്ഞു.

ജൂൺ അഞ്ചിനാണ് ഡ്രൈവർ കെ.പി സിങ്ങിനെയും കണ്ടക്ടറായ മോഹിത് യാദവിനെയും സസ്‌പെൻഡ് ചെയ്തത്. രണ്ട് യാത്രക്കാർ നമസ്‌കരിക്കാനായി ബസ് അഞ്ച് മിനിറ്റ് നിർത്തിയതിനാണ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടിയെടുത്തത്. ബസ് നിർത്തിയപ്പോൾ രണ്ടുപേർ ഇറങ്ങി നമസ്‌കരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മറ്റു രണ്ട് യാത്രക്കാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here