മദ്രസ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങള്‍; അഭിനന്ദനവുമായി മോട്ടോര്‍ വാഹനവകുപ്പ്

0
161

വള്ളിക്കുന്ന് (മലപ്പുറം): മദ്രസ പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കുകയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. റോഡുകളിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസിലേക്ക് പുറത്തിറക്കിയ ‘ദുറൂസുല്‍ ഇസ്‌ലാം’ (ഇസ്‌ലാമിക അധ്യാപനങ്ങള്‍) എന്ന പാഠപുസ്തകത്തിലൂടെ ഈ ദൗത്യം നിറവേറ്റുന്നത്.

‘തവക്കല്‍തു അലല്ലാഹ്’ എന്ന അധ്യായത്തില്‍ ഗള്‍ഫില്‍നിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് വാഹനത്തില്‍ പോകുന്ന രംഗമൊരുക്കിയാണ് പാഠഭാഗം ഒരുക്കിയിട്ടുള്ളത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയുടെ ആവശ്യകതയെക്കുറിച്ചും, അമിതവേഗത്തിന്റെ അപകടത്തെക്കുറിച്ചും പാഠഭാഗത്തില്‍ പറയുന്നുണ്ട്. സിഗ്‌നല്‍വിളക്കുകളെക്കുറിച്ചും വിശദീകരണമുണ്ട്. ആശയം അരക്കിട്ടുറപ്പിക്കുന്നതിന് പാഠംകഴിഞ്ഞ് തദ്രീബാത്തില്‍ (അഭ്യാസം) ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്.

അഭിനന്ദനവുമായി മോട്ടോര്‍ വാഹനവകുപ്പ്

മലപ്പുറം: റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് നല്‍കുന്ന മദ്രസാ പാഠപുസ്തകത്തിന് അഭിനന്ദനവുമായി മോട്ടോര്‍ വാഹന വകുപ്പ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുന്ന ‘ദുറൂസുല്‍ ഇസ്‌ലാം’എന്ന പാഠപുസ്തകത്തിലൂടെയാണ് ട്രാഫിക് ബോധവത്കരണം കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത്.

പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. പ്രമോദ് ശങ്കര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷബീര്‍ പാക്കാടന്‍ എന്നിവര്‍ സുന്നി വിദ്യാഭ്യാസ ബോര്‍സ് വൈസ് പ്രസിഡന്റും, മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങളെ അഭിനന്ദനം അറിയിച്ചു.

തുടര്‍ന്നും റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോഡ് നിയമങ്ങള്‍ പകര്‍ന്ന് നല്‍കല്‍ വളരെ അത്യാവശ്യമായിത്തീര്‍ന്നിരിക്കുകയാണെന്ന് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഇതിനായി മഹല്ല് അടിസ്ഥാനത്തില്‍ പ്രത്യേക ബോധവത്കരണവും നിയമ പഠനക്ലാസുകളും സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here