‘ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു, വാഹനാപകടത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം’

0
237

കാസര്‍കോട്: പിന്തുടര്‍ന്ന പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തില്‍ പെട്ട് മരിച്ച ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജുഡീഷ്യൽ അന്വേഷണം വേണം.പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് പറഞ്ഞു.

അംഗടിമോഗർ ജിവി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 വയസുകാരനായ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫർഹാസിന്‍റെ  കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും എകെഎം അഷ്റഫും ജില്ലാ പൊലീസ് മേധാവിയെ കണ്ടു.

പൊലീസ് അഞ്ചു കിലോമീറ്ററോളം വിദ്യാർഥികളെ പിന്തുടർന്നുവെന്നും ഇതാണ് അപകടം ഉണ്ടാക്കിയതെന്നുമാണ് ഉയരുന്ന ആരോപണം. പൊലീസ് പിന്തുടരുന്ന സിസി ടിവി ദൃശ്യങ്ങളും നേരത്തെ പുറത്ത്  വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here