അവിശ്വാസ പ്രമേയത്തിൽ 12 മണിക്കൂറോളം ചർച്ച; 6.41 മണിക്കൂർ ബി.ജെ.പിക്ക്, കോൺഗ്രസിന് 1.16 മണിക്കൂർ: ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധി

0
156

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ഇന്ന് ചര്‍ച്ച ചെയ്യും. ചർച്ചയിൽ ആദ്യം രാഹുൽ ഗാന്ധി സംസാരിക്കും.

ആറ് മണിക്കൂർ 41 മിനിറ്റ് ബി.ജെ.പിക്കും ഒരു മണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു തുടങ്ങി അഞ്ച് മന്ത്രിമാർ ചർച്ചയിൽ സംസാരിക്കും. രണ്ട് മണിക്കൂർ വൈ.എസ്.ആര്‍ കോൺഗ്രസ്, ശിവസേന, ജെ.ഡി.യു, ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ്, എൽ.ജെ.പി പാർട്ടികൾക്കും ഒരു മണിക്കൂർ 10 മിനിറ്റ് സ്വതന്ത്ര അംഗങ്ങൾക്കും ചെറു പാർട്ടികൾക്കും ലഭിക്കും.

മേയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 170ൽ അധികം മനുഷ്യർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മനുഷ്യർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, പ്രധാനമന്ത്രിയുടെ ശ്രദ്ധ കൂടുതലായി ലഭിക്കേണ്ട മറ്റൊരു വിഷയവുമില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. ലോക്സഭയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പൂർ കലാപത്തിൽ രണ്ടുദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലെത്തില്ല. വ്യാഴാഴ്ച പ്രധാനമന്ത്രി സഭയിൽ മറുപടി നൽകും. കഴിഞ്ഞ 26നാണ് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. സ്പീക്കർ ഓംബിർള ഇത് അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here