‘മണിപ്പുർ ഇന്ത്യയിലല്ലെന്ന് മോദി കരുതുന്നു, അവിടെ കൊല്ലപ്പെട്ടത് ഭാരത മാതാവ്; ബിജെപി രാജ്യദ്രോഹികൾ’- പാർലമെന്റിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

0
230

ന്യൂഡൽഹി ∙ മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്.

മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേള്‍ക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുല്‍ പരിഹസിച്ചു.

നേരത്തെ, എംപി സ്ഥാനം തിരികെ നൽകി സഭയിലേക്ക് തിരികെ കൊണ്ടുവന്നതിന നന്ദിയറിയിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ‘‘സ്പീക്കർ സർ, ലോക്സഭയിൽ എംപിയെന്ന നിലയിൽ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുൻപ് ഞാൻ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കൾക്ക് ചെറിയ പ്രശ്നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിർന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കൾക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.’ – –രാഹുൽ പറഞ്ഞു.

‘‘ഇന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. എന്നത്തേയും പോലെ ഇന്ന് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ മണിപ്പുരിൽ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പുർ ഇന്ത്യയിലല്ല’ – രാഹുൽ പറഞ്ഞു.

‘എന്തിനാണ് ഞാൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ എന്നോടു ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് എനിക്കും ഒരു വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു.’ – രാഹുൽ പറഞ്ഞു.

അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി ഇന്നലെ സംസാരിക്കാതിരുന്നതിനെ ഭരണപക്ഷം ചോദ്യം ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാഹുൽ പ്രസംഗിക്കുമെന്ന്, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് അറിയിച്ചത്.

നേരത്തെ, രാഹുൽ സംസാരിക്കാത്തതുമായി ബന്ധപ്പെട്ട് ഭരണപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. ‘രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് സ്പീക്കർക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണ്?’ – ഗൗരവ് ഗൊഗോയ് ചർച്ച തുടങ്ങിയപ്പോൾ പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഉന്നയിച്ച ഈ ചോദ്യമാണ് ബഹളത്തിന് ഇടയാക്കിയത്. രാഹുലും സോണിയ ഗാന്ധിയും സഭയിലുണ്ടായിരുന്നു. ഇന്നോ നാളെയോ മോദി സഭയിലുള്ളപ്പോൾ സംസാരിക്കാനാണ് രാഹുൽ താൽപര്യപ്പെടുന്നതെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here