കോട്ടയം: സിപിഎം തനിക്കെതിരെ നടത്തിയ വ്യാജ പ്രചരണത്തിൽ വ്യക്തത വരുത്തി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വിജയപുരം പഞ്ചായത്ത് മുൻ മെമ്പർ ജോർജ് എം ഫിലിപ്പ് (മുട്ടിച്ചായൻ)നെ അവഹേളിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ പ്രചരണം.
‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന്റെ അന്ന് ഞാൻ പള്ളിയിലേയ്ക്ക് പോയിരുന്നു. തീരുമാനിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥിക്കായുള്ള ഷാൾ വാങ്ങുന്നത് ധാർമികമായി ശരിയല്ല. ധാർമികമായിട്ടാണ് ഞാൻ എല്ലാ കാര്യങ്ങളും നോക്കുന്നത്. അന്ന് അത് ശരിയല്ലാത്തതുകൊണ്ട് മുട്ടിച്ചായൻ തന്ന ഷാൾ ഞാൻ വാങ്ങിയില്ല. അത് അദ്ദേഹത്തെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. അതുകൊണ്ട് ഈ ഷാൾ അദ്ദേഹത്തിന്റെ കഴുത്തിലിട്ട് ഞാൻ ആദരിക്കുകയാണ്.’- ജോർജ് എം ഫിലിപ്പിനെ ചേർത്ത് പിടിച്ച് ഷാൾ അണിയിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു. അതേ ഷാൾ തന്നെ ജോർജ് എം ഫിലിപ്പ് ചാണ്ടി ഉമ്മന് തിരിച്ച് അണിയിച്ച് കൊടുക്കുകയും ചെയ്തു.
അതേസമയം, പ്രചാരണത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കേ പുതുപ്പള്ളിയിലെ ഇടതു വലത് എൻഡിഎ സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഓണാഘോഷം, അയ്യങ്കാളി ജന്മദിനം,ഗുരുദേവ ജയന്തി, മണർകാട് എട്ടു നോമ്പാചരണം എന്നിവ പ്രചാരണത്തെ ബാധിക്കുമെന്നതിനാൽ വോട്ട് ഉറപ്പിക്കാൻ ഓട്ടപ്രദക്ഷിണം നടത്താനേ സ്ഥാനാർത്ഥികൾക്ക് കഴിയൂ. വീടുകൾ കേന്ദ്രീകരിച്ചും കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി പരമാവധി വോട്ടർമാരെ നേരിട്ട് കാണാനായിരുന്നു ഇതുവരെയുള്ള ശ്രമം.
ചാണ്ടി ഉമ്മൻ ( കോൺഗ്രസ്), ജെയ്ക് സി. തോമസ്((സി.പി.എം ), ജി.ലിജിൻലാൽ(ബി.ജെ.പി ), ലൂക്ക് തോമസ് (ആം ആദ്മി ), പി.കെ. ദേവദാസ് , സന്തോഷ് ജോസഫ്, ഷാജി(സ്വതന്ത്രന്മാർ) എന്നിവരാണ് നിലവിലെ സ്ഥാനാർത്ഥികൾ. നേതാക്കളുടെ വൻ പടയാണ് വരും ദിവസങ്ങളിൽ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുക. ഇടതു മുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 24ന് അയർകുന്നത്തും പുതുപ്പള്ളിയിലും 30നും സെപ്തംബർ ഒന്നിനും മറ്റ് ആറ് പഞ്ചായത്തുകളിലും പ്രസംഗിക്കും. 23 മുതൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽ വികസന സെമിനാറുകൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. സിപിഎം പിബി അംഗം സുഭാഷിണി അലി വനിതാ അസംബ്ലിയിൽ പ്രസംഗിക്കും.