പുത്തിഗെയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾക്ക്‌ ഗുരുതര പരിക്ക്; പൊലിസ് വരുത്തിവെച്ച അപകടമെന്ന് മുസ്ലിംലീഗ്

0
244

കുമ്പള: വിദ്യാർഥികൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പേരാലിലെ മുഹമ്മദ് ഫറാസിനെയാണ് (17) പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ പുത്തിഗെ കട്ടത്തടുക്കയിലാണ് അപകടം നടന്നത്. കാറിന്റെ ഒരു വശത്തിരുന്ന ഫറാസിന് വീഴ്ചയിൽ നട്ടെല്ലിനാണ് പരിക്കേറ്റത്. സ്കൂൾ ഓണാവധിക്കായി വെള്ളിയാഴ്ച അടയ്ക്കുക്കുന്നതിനാൽ ഓണാഘോഷ പരിപാടി നടന്നിരുന്നു.

അംഗഡിമൊഗറിൽനിന്ന് കട്ടത്തടുക്ക വരെ പോലീസ് വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നതാണ് അപകടത്തിനു കാരണമെന്ന് മുസ്ലിംലീഗ് ആരോപിച്ചു. അതിഭീകരമായ വേഗത്തിലാണ് പോലീസ് വാഹനവും അപകടത്തിൽ പെട്ട കാറും ഓടിച്ചു പോയതെന്ന് ദൃസാക്ഷികൾ പറയുന്നു. ഈ അപകടത്തിന് കാരണമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലും ജനറൽ സെക്രട്ടറി ഇകെ മുഹമ്മദ് കുഞ്ഞിയും ആവശ്യപ്പെട്ടു.

എന്നാൽ, വിദ്യാർഥികളുടെ അപകടകരമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അംഗഡിമൊഗറിൽ നിർത്തിയിട്ടിരുന്ന കാറിൽ വിദ്യാർഥികളെ കണ്ടപ്പോൾ പരിശോധനയ്ക്ക് എത്തിയിരുന്നു. കാറിന്റെ ഒരു വാതിൽ തുറന്നിട്ടാണുണ്ടായത്. എസ്.ഐ. പരിശോധനയ്ക്കെത്തിയപ്പോൾ കാർ പെട്ടെന്ന് പിന്നോട്ടെടുക്കുകയും പോലീസ് വാഹനത്തെ ഉരസി അതിവേഗത്തിൽ മുന്നിലൂടെ പോകുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. പിന്നിട് കട്ടത്തടുക്കയിൽ വാഹനം മറിയുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഒരു കുട്ടി മാത്രമാണ് വീണുകിടക്കുന്നത് കണ്ടത്. ഉടൻ കുമ്പളയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലുമെത്തിക്കുകയായിരുന്നു. വിദ്യാർഥികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here