നെയ്മറും സൗദിയിലേക്ക്; സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാര്‍

0
242

പാരിസ്: പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തേക്കാണ് കരാറെന്നാണ് വിവരം. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബ് ഇന്ന് വൈദ്യപരിശോധന നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം പാരിസിനോട് വിടപറയാനൊരുങ്ങുന്നത്. 2017ല്‍ ലോക ഫുട്‌ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് ബാഴ്‌സലോണ സൂപ്പര്‍ താരം പിഎസ്ജിയിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. മികച്ച പ്രകടനമാണ് പിഎസ്ജി ജഴ്സിയില്‍ നെയ്മര്‍ കാഴ്ച വെച്ചിരുന്നത്. 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് താരം പിഎസ്ജിക്ക് വേണ്ടി അടിച്ചുകൂട്ടിയത്.

ഫ്രഞ്ച് ക്ലബ്ബുമായി 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ സൗദിയിലേക്ക് കൂടുമാറുന്നത്. നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്. മുന്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും സൂപ്പര്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. അതിനിടെ പഴയ തട്ടകമായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബാഴ്സയുടെ പദ്ധതിയില്‍ നെയ്മറില്ലെന്ന് പരിശീലകന്‍ സാവി വ്യക്തമാക്കുകയായിരുന്നു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബ്ബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ സ്വന്തമാക്കിയത്. പിന്നീട് കരീം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹ്റസ് തുടങ്ങിയ വമ്പന്‍ താരങ്ങളുള്‍പ്പടെ സൗദി ക്ലബ്ബുകളിലേക്ക് എത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here