‘പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം’; പുറത്തെ മേസ്തിരിമാരുടെ ഉപദേശം വേണ്ടെന്ന് റബ്ബ്

0
241

മലപ്പുറം: ദില്ലിയില്‍ മുസ്ലീം ലീഗ് ആസ്ഥാനമന്ദിര നിര്‍മ്മാണത്തിന് പണം പിരിക്കാന്‍ കാണിച്ച ആവേശം, വിനിയോഗിക്കുന്നതിലും കാണിക്കണമെന്ന കെടി ജലീലിന്റെ പരിഹാസത്തിന് മറുപടിയുമായി പികെ അബ്ദുറബ്ബ്. ആസ്ഥാനമന്ദിരത്തിനായി പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം. പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തല്‍ക്കാലം പാര്‍ട്ടിക്ക് വേണ്ടെന്ന് റബ്ബ് പറഞ്ഞു. ദിവസവും ലീഗിനെതിരെ പോസ്റ്റിട്ടിട്ടില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ദീനില്‍ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലര്‍ക്കെന്നും റബ്ബ് പറഞ്ഞു.

പികെ അബ്ദുറബ്ബിന്റെ കുറിപ്പ്: ”ഡല്‍ഹിയിലെ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിനായി ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം.. പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തല്‍ക്കാലം ലീഗ് പാര്‍ട്ടിക്കു വേണ്ട. കുടുക്ക പൊട്ടിച്ച കുഞ്ഞു പൈതങ്ങളെയും, ആടിനെ വിറ്റ സുബൈദതാത്തയെയും, വഞ്ചിച്ച് പ്രളയ ഫണ്ട് മുക്കിയവര്‍..! സക്കാത്ത് വിഹിതം വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയ വിശ്വാസികളെപ്പോലും അപമാനിച്ചവര്‍..! കോവിഡ് കാലത്ത് പി.പി.ഇ കിറ്റിലും, ഭക്ഷണക്കിറ്റിന്റെ സഞ്ചിയിലും മാത്രമല്ല പട്ടിക്കു കൊടുക്കേണ്ട ഫുഡില്‍ നിന്നു വരെ അടിച്ചു മാറ്റിയവര്‍…! മഹാരാജാസിന്റെ മണ്ണില്‍ പാര്‍ട്ടിക്കു വേണ്ടി വീരമൃത്യു വരിച്ച അഭിമന്യുവിന്റെ
പേരില്‍ പിരിച്ച കോടികളില്‍ നിന്നു പോലും കയ്യിട്ടു വാരിയവര്‍….! ഇവരാണ് ലീഗിനെ ഉപദേശിക്കാന്‍ വരുന്നത്. ദിവസവും ലീഗിനെതിരെ ഒന്നോ രണ്ടോ പോസ്റ്റിട്ടിട്ടില്ലെങ്കില്‍… ലീഗിനെ എന്തെങ്കിലും ഉപദേശിച്ചിട്ടില്ലെങ്കില്‍…കമ്മ്യൂണിസ്റ്റ് ദീനില്‍ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലര്‍ക്ക്..! അവരൊക്കെ ഒരു വിരല്‍ ലീഗിനു നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും അവരുടെ നേര്‍ക്കു തന്നെയാണ്….! വണ്ടി വിടപ്പാ…!”

ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു കെടി ജലീലിന്റെ പരാമര്‍ശങ്ങള്‍. ‘ഖാഇദെമില്ലത്ത് സൗധം പണിയാന്‍ പണം പിരിക്കാന്‍ കാട്ടിയ ആവേശം അത് വിനിയോഗിക്കുന്നതിലും കാണിക്കണം. പിരിവുകള്‍ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്. ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട്. അങ്ങിനെ പലതും. കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പൊലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ യൂത്ത് ലീഗ് ദേശീയ നേതാവിന്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല.’ അതിലെ രണ്ട് പ്രധാന പ്രതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമന്റെറി പോലെ ഓണ്‍ലൈന്‍ പിരിവിന്റെ ഫലസൂചിക അറിയിച്ചതെന്നത് ശുഭകരമല്ലെന്നും കെടി ജലീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here