ഇസ്ലാമാബാദ്: 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്കെത്താൻ പാക് വിദേശ കാര്യ മന്ത്രാലയം അനുമതി നൽകിയതോടെയാണ് ലോകകപ്പിനെ സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമം കുറിച്ചത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ പാക് കളിക്കാർ എത്തില്ലെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളാണ് പാക് ടീം ഇന്ത്യയിലെത്തുന്നതിന് തടസ്സമായത്. എന്നാൽ ഐസിസി ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ദേശീയ പുരുഷ സീനിയർ ടീമിനെ അയയ്‌ക്കുമെന്ന് പാക് വിദേശ കാര്യ മന്ത്രാലയം ഇന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കായികരംഗത്ത് രാഷ്‌ട്രീയം കലർത്തരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളുമായി കായികമേഖലയെ കുട്ടിക്കുഴക്കരുതെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അതുകൊണ്ടാണ് പാക് സീനിയർ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ അനുമതി നൽകിയതെന്ന് വാർത്താക്കുറിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പാക് ടീമിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. ലോകകപ്പ് ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിനായി സുരക്ഷാ പ്രതിനിധികളുടെ അനുമതിക്ക് കാത്തിരിക്കുകയാണ് പാകിസ്താൻ. ലോകകപ്പിലെ പാക് വിഷയങ്ങളെ അവലോകനം ചെയ്യാനും തീരുമാനിക്കാനുമായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം മത്സരം ഒരു ദിവസം മുന്നേ ഒക്ടോബര്‍ 14ന് നടത്തുന്ന കാര്യം ബിസിസിഐ പരിഗണിക്കുകയാണ്. പതിനഞ്ചാം തിയതി നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് എന്നതിനാല്‍ സുരക്ഷയൊരുക്കുക പ്രയാസമാണ് എന്നാണ് അഹമ്മദാബാദ് പൊലീസ് ബിസിസിഐയെ അറിയിച്ചത്. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിന്‍റെ തിയതി മാറ്റം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2016-ലെ ടി-20 ലോകകപ്പിനാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിലെത്തിയത്.