കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന് ആലോചന. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകുമെന്നതിനാൽ ജില്ലയിൽ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് വരും.
നിലവിൽ കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിലാണ് ജില്ലയിലെ പമ്പുകളിൽ ഇന്ധനമെത്തിക്കുന്നത്. പകരം കൊച്ചിയിൽ നിന്നു കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച ശേഷം പമ്പുകൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ കൊല്ലം- കൊച്ചി പാതയിൽ ടാങ്കർ ലോറികളുടെ എണ്ണം കുറയും. അപകടങ്ങളിലും അന്തരീക്ഷ മലിനീകരണത്തിലും കുറവുണ്ടാകും. നിരന്തരം കപ്പലുകൾ എത്തുമ്പോൾ കൊല്ലം പോർട്ടും സജീവമാകും.
പദ്ധതിയുടെ രൂപരേഖ മാരിടൈം ബോർഡ് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ധന സംഭരണ ടാങ്ക് സ്ഥാപിക്കാൻ തുറമുഖത്തോടു ചേർന്നുള്ള നിശ്ചിത സ്ഥലം വിട്ടുനൽകാനാണ് ആലോചന. പരിസര മലിനീകരണവും അപകടങ്ങളും ഇല്ലാത്ത വിധത്തിലായിരിക്കും ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം.
കപ്പലുകൾക്കും ഇന്ധനമാകും
സംഭരണ കേന്ദ്രം വരുന്നതോടെ കൊല്ലം തുറമുഖം കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന സ്ഥിരം ബങ്കറിംഗ് കേന്ദ്രമാകാനും സാദ്ധ്യതയുണ്ട്. നിലവിൽ കൊല്ലത്ത് ഇന്ധനം നിറയ്ക്കാൻ എത്തുന്ന ടഗുകൾക്ക് കൊച്ചിയിൽ നിന്ന് ട്രക്കിലാണ് ഇന്ധനം എത്തിക്കുന്നത്. ഓരോ തവണ ചെറുകപ്പലുകൾ എത്തുമ്പോഴും ഇന്ധനത്തിനായി കൊച്ചിയിലേക്ക് പോകേണ്ടി വരും. സ്ഥിരം ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ ഇത് ഒഴിവാക്കാനാകും. വിദേശയാനങ്ങൾ ബങ്കറിംഗിനെത്തുമ്പോൾ വിവിധയിനങ്ങളിലായി കുറഞ്ഞത് ഒന്നരല ലക്ഷം രൂപയെങ്കിലും തുറമുഖത്തിനു ലഭിക്കും. വിദേശ യാനങ്ങളെത്തിയാൽ വരുമാനം മൂന്ന് ലക്ഷം കടക്കും.