കടയില്‍ നിന്ന് വാങ്ങിയ ചൂലിന്‍റെ പാക്കറ്റില്‍ എഴുതിയിരിക്കുന്നത് കണ്ടോ; സംഭവം വൈറലായി

0
295

നമ്മള്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണസാധനങ്ങളില്‍ മിക്കതിലും അതിലടങ്ങിയിരിക്കുന്ന ചേരുവകളെ കുറിച്ചും അതിലുള്ള പോഷക ഘടകങ്ങളെ കുറിച്ചുമെല്ലാം കുറിച്ചിട്ടുണ്ടായിരിക്കും. എത്ര കലോറിയുണ്ട്, എത്ര കൊഴുപ്പുണ്ട്, പ്രിസര്‍വേറ്റീവ്സ് ഉണ്ടോ, എന്തെല്ലാം പോഷകങ്ങള്‍ ആണ് അടങ്ങിയിട്ടുള്ളത് എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് സാധാരണഗതിയില്‍ ഇങ്ങനെ പാക്കറ്റുകളില്‍ കുറിച്ചിട്ടുണ്ടാവുക.

ഭക്ഷണസാധനങ്ങളില്‍ മാത്രമാണല്ലോ ഇത്തരത്തിലുള്ള വിവരങ്ങള്‍ രേഖപ്പെടുത്താൻ സാധിക്കുക. കാരണം ഇതിലാണല്ലോ നമുക്ക് എത്ര കലോറി കിട്ടുന്നുണ്ട്, മറ്റ് പോഷകങ്ങള്‍ എത്ര കിട്ടും എന്നെല്ലാം അറിയേണ്ടത്. കഴിക്കാനല്ലാതെ ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ അതിന്‍റെ മറ്റ് വിശദാംശങ്ങള്‍ കാണുമായിരിക്കാം. ഉദാഹരണത്തിന് എന്ത് മെറ്റീരിയലാണ്, ഗ്യാരന്‍റി എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍.

എന്നാലിവിടെയിതാ ഒരു ചൂലിന്‍റെ പാക്കറ്റില്‍ കലോറിക്കണക്കും പോഷകങ്ങളുടെ കണക്കുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുപക്ഷേ പാക്കിംഗില്‍ കടക്കാര്‍ക്ക് വന്ന പിഴവ് മൂലം ഏതെങ്കിലും ഭക്ഷണസാധനങ്ങളുടെ കവര്‍ ആയതാകാം. അങ്ങനെ എന്തെങ്കിലും അബദ്ധമാകാം ഈ രസകരമായ സംഭവത്തിന് പിന്നിലുണ്ടായത്.

എന്തായാലും സംംഗതി ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. 150 കലോറി, 13 ശതമാനം ഫാറ്റ്, ഇതില്‍ 5 ശതമാനം സാച്വറേറ്റഡ് ഫാറ്റ്, 7 ശതമാനം സോഡിയം, 6 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 7 ശതമാനം ഡയറ്ററി ഫൈബര്‍, 2 ശതമാനം അയേണ്‍ എന്നിങ്ങനെയെല്ലാം ചൂലിന്‍റെ പാക്കറ്റില്‍ കാണാം. കൊളസ്ട്രോള്‍ കൂട്ടുകയില്ലെന്നും പാക്കറ്റിന്മേല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

രസകരമായ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് ഈ ഫോട്ടോ പങ്കുവയ്ക്കുന്നത്. രസകരമായ ധാരാളം കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ ചൂലുപയോഗിച്ച് അടിച്ചുവാരുമ്പോള്‍ എത്ര കലോറി കുറയുമെന്നായിരിക്കും ഇതിന്മേല്‍ കുറിച്ചിരിക്കുന്നതെന്നും, ഇനി അഥവാ കഴിക്കണമെന്ന് തോന്നിയാലും എന്തെല്ലാമാണ് ഇതിലടങ്ങിയിരിക്കുന്നത് എന്നറിയാതെ പോകണ്ട എന്നുമെല്ലാം കമന്‍റുകളില്‍ ആളുകള്‍ കുറിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here