സ്നേഹ ചുംബനങ്ങൾ കൈമാറി സഹപാഠികൾ; മർദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിച്ച് ബികെയു നേതാക്കൾ

0
210

ദില്ലി: സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ. കുടുംബത്തെ സന്ദർശിച്ച നേതാക്കൾ മർദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. വിദ്യാലയങ്ങളിൽ  ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അധ്യാപികയുടെ നിർദ്ദേശ പ്രകാരം സഹപാഠിയാണ് വിദ്യാർത്ഥിയെ മുഖത്തടിച്ചതും മർദ്ദിച്ചതും. ഇത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിറകെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

അതേസമയം, സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പൊലീസാണ് കേസെടുത്തത്. ഒരു മണിക്കൂർ നേരം കുട്ടിയെ മർദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രം​ഗതതെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്. ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം.

ഒരു മത വിഭാഗത്തില്‍ പെട്ട കുട്ടിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് അധ്യാപിക മര്‍ദ്ദിച്ചുവെന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. കണക്കിന്‍റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും വാദമുണ്ട്. എന്നാൽ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനാൽ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കമ്മീഷന്‍ വിലക്കി.

LEAVE A REPLY

Please enter your comment!
Please enter your name here