പ്ലസ്‍ ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് വേണ്ട, നേരിട്ട് ലൈസൻസ്; എംവിഡി പദ്ധതി അന്തിമഘട്ടത്തില്‍!

0
169

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി ആന്‍റണി രാജു. പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ്‍ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് പുറമെ, ലേണിങ് ടെസ്റ്റിനായി സർക്കാരിന് വരുന്ന ചെലവുകൾ കുറയ്ക്കാനും സാധിക്കും.

പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും റോഡ് മര്യാദകൾ, അടയാളങ്ങൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും എന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് ഇതിലൂടെ ഒരു ഗതാഗത സംസ്കാരം വളർത്തിയെടുക്കാനും സാധിക്കുമെന്ന് കരുതുന്നു. ഡ്രൈവിങ് പഠനക്കാലത്ത് ലഭിക്കുന്ന പ്രാഥഥമിക വിവരങ്ങൾ മാത്രമാണ് ഇന്ന് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. ഇതിന് പകരം പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു.

അതേസമയം ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. റോഡ് നിയമങ്ങളേക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്‍മാരാവുകയും ചെയ്യും എന്നതാണ് മറ്റൊന്ന്. ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം ലേണേഴ്‌സ് ലൈസന്‍സ് കൂടി ഉള്‍പ്പെടുത്താമെന്നാണ് തീരുമാനം.

അതായത് പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും. പരീക്ഷ പാസായാല്‍ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്‌സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്‌സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here