മുസ്ലിം കുട്ടിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

0
342

ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂ‌ട്ടി‌യത്.

പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയർന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് വിവാദമായത്. പരാതിയെ തുടർന്ന് അധ്യാപികക്കെതിരെ കേസെടുത്തു. ഇതൊരു ചെറിയ പ്രശ്‌നമാണെന്നാണ് അധ്യാപികയുടെ നിലപാട്. സംഭവത്തിൽ വർഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. താൻ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു.

അതേസമയം, കുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ ഉറച്ചുനിന്നു. കുട്ടിയോട് പഠനത്തിൽ മോശമായാൽ കർക്കശമായി പെരുമാറാൻ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നതായും അധ്യാപിക പറഞ്ഞു. ശിശുക്ഷേമ സമിതി കുട്ടിയുമായും മാതാപിതാക്കളുമായും സംസാരിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്‌കൂളിനെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞെങ്കിലും ഈ സ്കൂളിലേക്ക് തന്റെ കുട്ടിയെ ഇനി അയക്കില്ലന്നും പിതാവ് പറഞ്ഞു. അതേസമയം, അടിച്ച കുട്ടിയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് മർദ്ദനമേറ്റ കുട്ടിയുടെ വീട്ടിലെത്തുകയും കുട്ടികൾ ആലിംഗനം ചെയ്യുന്ന ചിത്രവും വിഡിയോയും പ്രചരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here