21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിൽ; ജിപിഎസ് ഊരിമാറ്റി, മറിച്ചുവിറ്റത് ഡ്രൈവർ

0
181

ബെംഗളൂരു: കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേക്ക് കർണ്ണാടകയിൽ നിന്നും കയറ്റി അയച്ച തക്കാളി ട്രക്ക് കാണാതായതായി കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന തക്കാളി ട്രക്ക് ഡ്രൈവർ അൻവറും സഹായിയും മറിച്ച് വിറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്.

ലോഡുമായി രാജസ്ഥാനിലേക്ക് പോകുന്നതിന് പകരം ലോറി അഹമ്മദാബാദിലെത്തിച്ച് ഡ്രൈവർ അൻവർ തക്കാളി പകുതി വിലക്ക് വിറ്റതായാണ് വിവരം. തക്കാളി കയറ്റി പോയ ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യിൽനിന്ന് പുറപ്പെട്ടത്. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.

ട്രാൻസ്പോർട്ട് ഉടമ സാദിഖ് ലോറിയിൽ ജി.പി.എസ്. ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, യാത്രക്കിടെ ഡ്രൈവർ ജി.പി.എസ്. ട്രാക്കർ എടുത്തുമാറ്റിയശേഷം ലോറിയുമായി മുങ്ങി. അഹമ്മദാബാദിലേക്കാണ് ലോറി കൊണ്ടുപോയത്. ഇവിടെ വെച്ച് തക്കാളി പകുതി വിലയക്ക് മറിച്ച് വിറ്റത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ലോറി ജയ്‌പുരിലെത്തേണ്ടതായിരുന്നു. എന്നാൽ ലോറി എത്താതായതോടെയാണ് ഉടമ സാദിഖ് പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡ്രൈവറുടെ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് ആദ്യം നടത്തിയ അന്വേഷണവും പരാജയപ്പെട്ടു. വില കുതിച്ചുയർന്നതോടെ രാജ്യത്ത് തക്കാളി മോഷണവും അടുത്തിടെ വർധിച്ചിരുന്നു. ഈ മാസം ആദ്യം കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്ന് 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു. മണ്‍സൂണ്‍ ശക്തമായതോടെയാണ് രാജ്യത്ത് പച്ചക്കറി വില കുത്തനെ ഉയർന്നത്. ചില സംസ്ഥാനങ്ങളിൽ തക്കാളിക്ക് കിലോ 200 രൂപ വരെ കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here